ഫോംമാറ്റിങ്‌സ് ഇന്ത്യാ ലിമിറ്റഡിന്റെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് യുവാവ് മരിച്ച സംഭവം....പോലീസില്‍ പരാതി നല്‍കി കുടുംബം

സങ്കടമടക്കാനാവാതെ... കയര്‍ പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിങ്‌സ് ഇന്ത്യാ ലിമിറ്റഡിന്റെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണു യുവാവ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. തുറവൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡില്‍ വളമംഗലം വടക്ക് പുത്തന്‍കരിവീട്ടില്‍ സുധീറിന്റെയും സുനിയുടെയും മകന്‍ സായന്ദാണ്(21) അപകടത്തില്‍ മരിച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു അപകടം നടന്നത്.
സ്ഥാപനത്തിലെ പ്രവൃത്തികള്‍ കരാറെടുത്തിരുന്ന വളമംഗലം സ്വദേശികളായ മധു, പൊന്നന്‍ എന്നിവരെയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.
മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിദ്യാര്‍ഥിയായ മകനെ ഇവര്‍ ജോലിക്കു കൊണ്ടു പോയതെന്നും ഉയരത്തില്‍ കയറി പരിചയമില്ലാത്ത മകനെ കനത്ത മഴയില്‍ വഴുകിയ ആസ്ബറ്റോസ് ഷീറ്റിന്റെ ഉയരത്തില്‍ ഒറ്റക്കു കയറ്റി വിട്ടതാണ് അപകട കാരണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസമായിരുന്നു അപകടം സംഭവിച്ചത്.
അതേസമയം ഇത്തരം പ്രവൃത്തികളില്‍ സായന്ദിന് ഒരു പരിചയവുമില്ലെന്നത് കൂട്ടികൊണ്ടു പോയവര്‍ക്ക് അറിവുള്ളതാണ്. ഇതിനൊപ്പം ഒരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരത്തില്‍ ഉയരത്തില്‍ കയറ്റി ജോലിചെയ്യിപ്പിച്ചത്. ഇക്കണോമിക്‌സില്‍ ബിഎ പൂര്‍ത്തിയാക്കി ഏറ്റുമാന്നൂര്‍ ഐടിഐയില്‍ പ്രവേശനം കാത്തിരിക്കുന്ന ഘട്ടത്തിലാണ് അപകടം. അപകടത്തെകുറിച്ചും സാഹചര്യങ്ങളെ കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
https://www.facebook.com/Malayalivartha























