പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും

പാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുന്നതിന് പകരം മലയാള നടന്‍ പൃഥ്വിരാജ് സുകുമാരന്റെ മാതൃക പിന്തുടര്‍ന്നാല്‍ ബോളിവുഡിന് നിലവിലുള്ള പല പ്രതിസന്ധികളും പരിഹരിക്കാനാകുമെന്ന് സംവിധായകന്‍ സഞ്ജയ് ഗുപ്ത. മലയാള നടന്റെ രീതിയെ പ്രശംസിച്ച സഞ്ജയ് ഗുപ്ത, അഭിനേതാക്കള്‍ അവരുടെ മുഴുവന്‍ പ്രതിഫലവും മുന്‍കൂറായി വാങ്ങുന്നതിന് പകരം, സിനിമയുടെ ലാഭവിഹിതം കൈപ്പറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അഭിപ്രായപ്പെട്ടു.
സ്വന്തം ചിത്രങ്ങള്‍ നിര്‍മിക്കുക കൂടി ചെയ്യുന്ന പൃഥ്വിരാജ് മുന്‍കൂറായി വലിയ തുക പ്രതിഫലം വാങ്ങുന്നതിന് പകരം ചിത്രത്തിന്റെ ലാഭവിഹിതം സ്വീകരിക്കുന്ന രീതിയെക്കുറിച്ച് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് സഞ്ജയ് ഗുപ്ത വ്യക്തമാക്കിയത്. 'മലയാള സൂപ്പര്‍താരം പൃഥ്വിരാജ് തന്റെ ഭൂരിഭാഗം സിനിമകളും സ്വയം നിര്‍മിക്കുന്നു. അദ്ദേഹം പറഞ്ഞതുപ്രകാരം, ഒരു സിനിമയുടെ ബജറ്റില്‍ ഏറ്റവും വലിയ ചെലവ് അദ്ദേഹത്തിന്റെ പ്രതിഫലമാണ്. അതിനാല്‍ അദ്ദേഹം ആ തുക ഒഴിവാക്കുകയും പകരം അത് ലാഭവിഹിതമാക്കി മാറ്റുകയും ചെയ്യുന്നു. ഇതോടെ സിനിമ പെട്ടെന്ന് തന്നെ താങ്ങാനാവുന്നതും സുരക്ഷിതവും ലാഭകരവുമായി മാറുന്നു,' സഞ്ജയ് ഗുപ്ത കുറിച്ചു.
'എന്തുകൊണ്ട് ഇത് ഒരു പൊതുകീഴ്‌വഴക്കമായിക്കൂടാ? പാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുന്നതിന് പകരം കൂടുതല്‍ താരങ്ങള്‍ ഇത് പ്രാവര്‍ത്തികമാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ചലച്ചിത്ര മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സഞ്ജയ് ഗുപ്ത മുന്‍പും തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. നടന്‍ രണ്‍വീര്‍ സിങ്ങിനെ വിലക്കിയ സംഭവത്തില്‍ സഞ്ജയ് ഗുപ്ത സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. ഒരു മുന്‍നിര താരത്തെ വിലക്കുന്നത് സിനിമയ്ക്കായി ജോലി ചെയ്യുന്ന മുന്നൂറിലധികം വരുന്ന അണിയറപ്രവര്‍ത്തകരുടെ ജീവനോപാധിയെ ബാധിക്കുമെന്നാണ് ഗുപ്ത അന്ന് അഭിപ്രായപ്പെട്ടത്.
പൃഥ്വിരാജിന്റേതായി 'ഐ, നോബഡി', 'വാരാണസി', 'ഖലീഫ', 'ദയാര', 'ഒടിയന്‍' തുടങ്ങി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ 'ഐ നോബഡി' നിര്‍മാതാക്കളില്‍ ഒരാള്‍, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ്. പൃഥ്വിയുടെ ജീവിത പങ്കാളിയാണ് സുപ്രിയ. കരീന കപൂറിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന 'ദയാര' എന്ന ചിത്രവും ഉടന്‍ തിയേറ്ററിലെത്തും.
https://www.facebook.com/Malayalivartha






















