കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സെപ്റ്റംബർ 25-ന് മധ്യ കിഴക്കൻ-വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും...

ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്നു, ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്റ്റംബർ 25, 26, 27 തീയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സെപ്റ്റംബർ 26-ന് വടക്കൻ ആന്ധ്ര-തെക്കൻ ഒഡിഷ തീരത്തിന് സമീപം ഈ ന്യൂനമർദ്ദം തീവ്രമാകാനും, സെപ്റ്റംബർ 27-ന് വടക്കൻ ആന്ധ്ര-തെക്കൻ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ.
സെപ്റ്റംബർ 25: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
സെപ്റ്റംബർ 26: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
സെപ്റ്റംബർ 27: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
കള്ളക്കടൽ ജാഗ്രതാ നിർദേശം
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചതനുസരിച്ച്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (23/09/2025) രാത്രി 8:30 വരെ 0.5 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനും കടലാക്രമണത്തിന് സാധ്യതയുണ്ട്. കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കാൻ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം.
https://www.facebook.com/Malayalivartha
























