ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് വിലക്ക് തുടരും... വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് വിലക്ക് തുടരും. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞ പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും മുരിങ്ങൂരിൽ സംഭവിച്ചത് ഏത് ഭാഗത്ത് വേണമെങ്കിലും സംഭവിക്കാമെന്നുമുള്ള ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടിയത്.
വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ടോൾ പിരിവ് വിലക്ക് തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്.
ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബർ 22 ന് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. വാദത്തിനിടെ ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമറിയിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞ പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും മുരിങ്ങൂരിൽ സംഭവിച്ചത് ഏത് ഭാഗത്ത് വേണമെങ്കിലും സംഭവിക്കാമെന്നുമാണ് ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
ഗൗരവമായ വിഷയമായത് കൊണ്ട് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് പരിഗണിച്ചാണ് ടോൾ പിരിവ് വിലക്കി കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ചൊവ്വാഴ്ച വരെ നീട്ടിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























