ഷീലയെയും പ്രശസ്ത ഗായിക പി കെ മേദിനിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരങ്ങൾക്ക് തിരഞ്ഞെടുത്തു; ഈ വർഷത്തെ വയോസേവന അവാർഡുകൾ മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു

ഈ വർഷത്തെ വയോസേവന അവാർഡുകൾ മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. മലയാളത്തിന്റെ ആദ്യകാല ലേഡി സൂപ്പർ സ്റ്റാറും നിത്യഹരിത നായികയുമായ ഷീലയെയും പ്രശസ്ത ഗായിക പി കെ മേദിനിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരങ്ങൾക്ക് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ ഈടുറ്റ സംഭാവനകൾക്ക് വയോജന കമ്മീഷൻ അംഗം കൂടിയായ ശ്രീ. അമരവിള രാമകൃഷ്ണനെ പ്രത്യേകാദരത്തിന് തിരഞ്ഞെടുത്തതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
അറുപതുകളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ശ്രീമതി ഷീല, രണ്ടു പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ നിറസാന്നിദ്ധ്യമായിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡിയെന്ന റെക്കോർഡ് പ്രേം നസീറിനൊപ്പം പങ്കിട്ടിരുന്നു. ജെ സി ഡാനിയേൽ പുരസ്‌കാരവും നിരവധി തവണ ദേശീയ-സംസ്ഥാന അവാർഡുകളും തേടിയെത്തിയിട്ടുള്ള ചലച്ചിത്ര പ്രതിഭയാണ് ശ്രീമതി ഷീല. ഗായികയും സംഗീതജ്ഞയും എന്നതിനൊപ്പം പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രത്തിൽ ഇടം നേടിയ പി കെ മേദിനി, കേരള സംഗീത നാടക അക്കാദമി അവാർഡും ജനകീയ ഗായിക അവാർഡും കാമ്പിശ്ശേരി പുരസ്‌കാരവും പോലെ ഒട്ടേറെ അംഗീകാരങ്ങൾക്ക് ഉടമയായ കലാപ്രതിഭയാണ്.
മുതിർന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമാക്കി സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ രൂപീകരിക്കുന്നതിന് നേതൃത്വം വഹിക്കുകയും, ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി വയോജനങ്ങൾക്കായുള്ള നിരവധി പദ്ധതികളുടെ രൂപീകരണത്തിന് ഇക്കാലയളവുകളിലെ സർക്കാരുകൾക്ക് വയോജനതയുടെ സഹായസഹകരണങ്ങൾ ഉറപ്പാക്കുകയും ചെയ്‌തുപോരുന്ന വിശിഷ്ട വ്യക്തിത്വമാണ് പ്രത്യേകാദരത്തിന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. അമരവിള രാമകൃഷ്‌ണൻ.
പതിനൊന്ന് മേഖലകളിലായി നൽകി വരുന്ന സംസ്ഥാനതല വയോസേവന പുരസ്‌കാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ വിശദ വിവരങ്ങൾ ഇനിപ്പറയുന്നു:മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊച്ചി കോർപ്പറേഷനാണ്. ലോകാരോഗ്യ സംഘടന ജനീവയിൽ നടത്തിയ ലീഡർഷിപ്പ് ഉച്ചകോടിയിലാണ് കൊച്ചിയ്ക്ക് അംഗീകാരം ലഭിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























