മനോജ് വധക്കേസ് : പി. ജയരാജന്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു, ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയില്‍ മൂന്ന് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ കോടതി അനുവദിച്ചിരുന്നു. മാര്‍ച്ച് ഒമ്പത്, 10, 11 തീയതികളിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് സി.ബി.ഐ സംഘം ജയരാജനെ ചോദ്യംചെയ്തത്. തെളിവില്ലാതെയാണ് ജയരാജനെ കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളതെന്നും ബി.ജെ.പിയുടെ രാഷ്ട്രീയദൗത്യം നിറവേറ്റുകയാണ് സി.ബി.ഐ എന്നും ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്വാഭാവികമായി ജയരാജന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും അഡ്വ. കെ. വിശ്വന്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ശാരീരിക അവശതകള്‍ അലട്ടുന്ന ജയരാജനെ അന്വേഷണം പൂര്‍ത്തിയായ കേസില്‍ തടവിലിടുന്നത് ന്യായീകരിക്കാനാവില്‌ളെന്നും വ്യക്തമാക്കുന്നുണ്ട്.
യു.എ.പി.എ വകുപ്പ് പ്രകാരം കേസുള്ളതിനാല്‍ ഒരു മാസത്തിനുശേഷം മാത്രമേ ജാമ്യാപേക്ഷ നല്‍കാനാവൂ എന്നതിനാലാണ് ഹരജി നല്‍കാതിരുന്നത്. ജനുവരി 21ന് പ്രതിചേര്‍ക്കപ്പെട്ട ജയരാജന്‍ ഫെബ്രുവരി 12നാണ് ചികിത്സയില്‍ കഴിഞ്ഞ പരിയാരം സഹകരണ ഹൃദയാലയയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
വിഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ ജഡ്ജി വി.ജി. അനില്‍ കുമാര്‍ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ട് വരെ നീട്ടി. 2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞ ശേഷം വാഹനത്തില്‍നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ പി. ജയരാജനും പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനും ഉള്‍പ്പെടെ 25 പ്രതികളാണുള്ളത്. ഇതില്‍ 19 പേര്‍ക്കെതിരെ ഒന്നാംഘട്ട കുറ്റപത്രം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha