കില്ലര്‍ സെബാസ്റ്റിയന്‍ ബിന്ദു പത്മനാഭനെ നാട്ടിലെത്തിച്ച് കൊലപ്പെടുത്തി; രക്ഷപ്പെടുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തിരിയുന്നു: സെബാസ്റ്റ്യനെ വേളാങ്കണ്ണിയില്‍ എത്തിച്ച് തെളിവെടുപ്പ്...

ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശി ബിന്ദു പത്മനാഭന്റെ കൊലപാതകത്തില്‍ പ്രതി കില്ലര്‍ സെബാസ്റ്റ്യനെ മുന്‍പ് രക്ഷപ്പെടുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണമുണ്ടാകും. പ്രതി സെബാസ്റ്റ്യനില്‍ നിന്ന് ലക്ഷങ്ങള്‍ പ്രതിഫലം പറ്റി അന്വേഷണം ഒഴിവാക്കിയെന്ന കണ്ടെത്തലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. കില്ലര്‍ സെബാസ്റ്റിയന്‍ ബിന്ദു പത്മനാഭനെ 2006ല്‍ തമിഴ് നാട്ടിലെത്തിച്ച് കൊലപ്പെടുത്തിയതായാണ് സൂചന. കോട്ടയം അതിരമ്പുഴ സ്വദേശിനിയായ ജെയ്‌നമ്മയെ കൊലപ്പെടുത്തിയതുപോലെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെയും ഇയാള്‍ വകവരുത്തിയെന്ന് വ്യക്തമായി. ജെയ്‌നമ്മയെ മാത്രമല്ല ബിന്ദുവിനെ കൊന്നതും താനാണെന്ന് സെബാസ്റ്റ്യന്‍ സമ്മതിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ ഇയാള്‍ തയാറാകുന്നില്ല.
2004ല്‍ ബിന്ദുവുമായി അടുപ്പം സ്ഥാപിച്ച പ്രതി ബിന്ദുവുമായി തമിഴ് നാട്ടില്‍ പലയിടങ്ങളിലും ഒരുമിച്ചുകഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ചേര്‍ത്തല ബിന്ദു പത്മനാഭനെ താനാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സെബാസ്റ്റ്യന്‍ കുറ്റം സമ്മതിച്ച കുറ്റസമ്മതമൊഴി ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. ഈ സാഹചര്യത്തിലാണ് സെബാസ്റ്റ്യനെ വേളാങ്കണ്ണിയില്‍ എത്തിച്ച് തെളിവെടുക്കുന്നത്. ആലപ്പുഴ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. എറണാകുളം,കോട്ടയം, കുടുക്, കണ്ണൂര്‍, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും സെബാസ്റ്റിയനും ബിന്ദുവും ഒരുമിച്ചു കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം വ്യാജരേഖകളുണ്ടാക്കിയാണ് സെബാസ്റ്റ്യന്‍ അവരുടെ സ്വത്തുവകകള്‍ കൈക്കലാക്കിയത്. ഇത്തരത്തില്‍ വ്യാജരേഖകള്‍ തയാറാക്കാന്‍ തമിഴ് നാട്ടിലെ ഒരു സംഘത്തിന്റെ സഹായം സെബാസ്റ്റ്യന് ലഭിച്ചിരുന്നു.
ബുധനാഴ്ചയാണ് ചേര്‍ത്തല കോടതി ഉത്തരവനുസരിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സെബാസ്റ്റിയനെ കസ്റ്റഡിയില്‍ വാങ്ങിയത്. ക്രൈം ബ്രാഞ്ച് അന്വേഷകസംഘം മുഴുവന്‍ ശേഷിയും ഉപയോഗിച്ചാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്.
ബിന്ദുവിനെ കൊലപ്പെടുത്തിയെന്നതല്ലാതെ മറ്റൊരു വിവരവും ചോദ്യം ചെയ്യലില്‍ പറയാന്‍ സെബാസ്റ്റ്യന്‍ ഒരുക്കമല്ല. ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനഞ്ചു ദിവസം തുടരെ ചോദ്യം ചെയ്തിട്ടും സെബാസ്റ്റിയന്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറായിരുന്നില്ല. 2006ലാണ് ബിന്ദു പത്മനാഭനെ കാണാതായത്. അച്ഛനമ്മമാരുടെ വിയോഗശേഷം ഒറ്റപ്പെട്ട അവസ്ഥയിലായ ബിന്ദു വസ്തു വില്‍പ്പനയ്ക്കാണ് പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയനുമായി ബന്ധപ്പെട്ടത്. കടക്കരപ്പള്ളിയിലെ മറ്റൊരു ഭൂമിയിടപാടുകാരനാണ് ഇവരെ പരസ്പരം ബന്ധിപ്പിച്ചത്. മൂന്നു കോടി രൂപയുടെ ആസ്തി ബിന്ദു പത്മനാഭനുണ്ടായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ പെന്‍ഷന്‍ 2006 പകുതിവരെ ബിന്ദു കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2006 അവസാനം ബിന്ദുവിനെ തമിഴ് നാട്ടിലെത്തിച്ച സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്നാണ് സൂചനകള്‍. കൊല നടത്തിയ ശേഷമാണ് ശേഷമാണ് ബിന്ദുവിന്റെ ഭൂമി വ്യാജരേഖ ചമച്ച് സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ വിറ്റത്. ബിന്ദുവിന്റെ വിദേശത്തുള്ള സഹോദരന്‍ പ്രവീണ്‍ 2017-ല്‍ നല്‍കിയ പരാതിയില്‍ പട്ടണക്കാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസാണ് നിലവില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ ഉന്നത സ്വാധീനം ചൊലുത്തിയ സെബാസ്റ്റ്യന്‍ പോലീസ് സഹായത്തോടെ അന്വേഷണം വഴിതിരിച്ചുവിടുകയായിരുന്നു. പിന്നീടാണ് അതിരമ്പുഴ സ്വദേശി ജെയ്‌നമ്മയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി കണ്ടെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. ജെയ്‌നമ്മയെയും ബിന്ദുവിനെയും മാത്രമല്ല ചേര്‍ത്തല സ്വദേശിനിയായ ഐഷ എന്ന സ്ത്രീയെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സൂചനകളാണ് പുറത്തുവരുന്നത്. ഐഷയെയയും ഇയാള്‍ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങല്‍ കൈവശപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജൂലൈ 28 മുതല്‍ റിമാന്‍ഡിലായിരുന്നു സെബാസ്റ്റ്യന്‍. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതെന്ന് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. കുറ്റസമ്മതം ലഭിച്ചതോടെയാണ് ഇയാള്‍ക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. കാണാതാകുമ്പോള്‍ ജൈനമ്മ പതിനൊന്നു പവന്‍ സ്വര്‍ണാഭരണം ധരിച്ചിരുന്നതായാണ് ഇവരുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. എട്ടരപ്പവനോളം പള്ളിപ്പുറം കേന്ദ്രീകരിച്ചുള്ള ധനകാര്യ സ്ഥാപനത്തില്‍ സെബാസ്റ്റ്യന്റെ സഹായായ ഓട്ടോഡ്രൈവര്‍ മനോജിന്റെ പേരില്‍ പണയം വെച്ചതായി കണ്ടെത്തിയിരുന്നു. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന ഇതുവരെ ലഭിച്ചിട്ടില്ല. ശരീര അവശിഷ്ടങ്ങള്‍ ജെയ്‌നമ്മയുടേതാണ് ബിന്ദുവിന്റേതാണോ എന്ന് സ്ഥിരീകരണമായിട്ടില്ല. ലഭ്യമായ ശരീര ഭാഗങ്ങള്‍ ബിന്ദുവിന്റേതാണെന്ന് തെളിഞ്ഞാല്‍ ജെയ്‌നമ്മയെ എങ്ങനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തേണ്ടിവരും.
2024 ഡിസംബറില്‍ ജൈനമ്മയെ കാണാതായ പരാതിയില്‍ കോട്ടയം ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായി ഇവര്‍ക്കു ബന്ധമുണ്ടായിരുന്നതായ വിവരം ലഭിച്ചത്. തുടര്‍ന്നാണ് വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് മനുഷ്യന്റെ തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങളാണ് ലഭിച്ചത്. ശരീരാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് എല്ലുകള്‍ തിരിച്ചറിഞ്ഞത്. ഇതിനൊപ്പം കേടുവന്നതിനെത്തുടര്‍ന്ന് ക്യാപ്പിട്ടടച്ച പല്ലിന്റെ ഭാഗവും കിട്ടിയിട്ടുണ്ട്. ജെയ്‌നമ്മയുടെ പല്ലിനു ക്യാപ്പിടാനുള്ള സാധ്യതയില്ലെന്നാണ് ബന്ധുക്കള്‍ സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ കാണാതായ ഐഷയുടെ പല്ലുകള്‍ക്ക് ക്യാപ്പിട്ടിരുന്നതാണ് ബന്ധുക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ബിന്ദുവിന്റെയും ജെയ്‌നമ്മയുടെയും ശരീരം എവിടെയെന്നത് കണ്ടെത്തേണ്ടിവരും.
സെബാസ്റ്റ്യന്റെ വീട്ടില്‍ ആഫ്രിക്കന്‍മുഷിയെ വളര്‍ത്തുന് കുളത്തില്‍ മൃതദേഹങ്ങള്‍ തള്ളിയതായും സംശയിക്കുന്നുണ്ട്. ശരീര ഭാഗങ്ങള്‍ നിരവധി കഷ്ണങ്ങളാക്കി മുറിച്ച് മീനുകള്‍ക്ക് കൊടുത്തയാണ് സൂചനകള്‍. ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് നിര്‍ണായക ഘട്ടത്തിലെത്തിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട ഓട്ടോ ഡ്രൈവറായ മനോജ് എന്ന യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണ ആവശ്യം ഉയരുകയാണ്. കേസില്‍ മുഖ്യപ്രതിയായിരുന്ന സെബാസ്റ്റ്യന്റെ സന്തത സഹചാരിയായിരുന്നു പള്ളിപ്പുറം സ്വദേശിയായ മനോജ് 2018 ജൂണ്‍ 28-നായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
27-നു രാവിലെ മാനോജ് ഉള്‍പ്പെടെ സെബാസ്റ്റ്യനുമായി ബന്ധമുള്ള നാലുപേരെ അന്വേഷണച്ചുമതലയുണ്ടായിരുന്ന ആലപ്പുഴ ഡിവൈഎസ്പി ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരുന്നു. എന്നാല്‍, 28-നു പിറ്റേന്ന് രാവിലെ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ മനോജിന്റെ മരണത്തിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിന്ദു പത്മനാഭന്‍ തിരോധാന ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ക്രൈംബ്രാഞ്ച് ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























