അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴ; ശക്തമായ മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വലിയ തോതില്‍ വെള്ളക്കെട്ട്: കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി...

കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇതിനൊപ്പം, വിവിധ ജില്ലകളിൽ ഓറഞ്ചും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഓറഞ്ച് അലർട്ട് ഇന്ന്: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട് ഇന്ന് : കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്27/09/2025: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. നാളെയോടെ തെക്കൻ ഒഡീഷ - വടക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ സാധ്യത. ഈ സഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ശക്തമായ മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുകയാണ്. പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. ചിലയിടങ്ങളില്‍ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
ഇടുക്കി എഴുകുംവയലിൽ ഒരേക്കർ കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ട വി.കോട്ടയത്ത് കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു.മലയോര മേഖലയിൽ ഉൾപ്പെടെ ജാഗ്രത തുടരുകയാണ്. പത്തനംതിട്ടയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഇലന്തൂരിൽ വീടിൻ്റെ മതിലിടിഞ്ഞ് സംസ്ഥാന പാതയിലേക്ക് വീണു. തിരുവനന്തപുരം ഉള്ളൂർ ആക്കുളം റോഡിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടിൽ അകപ്പെട്ടത്. തലസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ ഉന്നതതലയോഗം ചേര്‍ന്നു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടറും പങ്കെടുത്തു.
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വലിയ തോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തമ്പാനൂര്‍, കിഴക്കേക്കോട്ട, പഴവങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ട നിലയാണുള്ളത്. ആക്കുളം- ഉള്ളൂർ റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിന്റെ ചില ഭാഗങ്ങളിൽ ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു. പലയിടത്തും കടകളില്‍ വെള്ളം കയറി. പൂജപ്പുര ശ്രീചിത്ര റിസര്‍ച്ച് സെന്ററിന്റെ മതില്‍ ഇടിഞ്ഞുവീണു. ഗ്രാമീണമേഖലകളിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.
പഴവങ്ങാടിയില്‍നിന്ന് പവര്‍ഹൗസ് വഴി റയില്‍വേ സ്‌റ്റേഷനിലേക്കു പോകുന്ന റോഡ് വെള്ളത്തിലായി. ഈ ഭാഗത്ത് ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു. കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ ഇന്ന് രാവിലെ 8 മണിക്ക് 15 സെന്റീമീറ്റർ വീതം (ആകെ 100 സെന്റീമീറ്റർ) ഉയർത്തി. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തിരുവനന്തപുരത്ത് ശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചത്. വിവിധയിടങ്ങളിൽ ലഭിച്ച മഴ. കിഴക്കേക്കോട്ട (136 എംഎം), മാറന്നല്ലൂർ (128എംഎം), നേമം (133എംഎം), തിരുവനന്തപുരം സിറ്റി (122 എംഎം), എയർപോർട്ട് (115എംഎം), പിരപ്പൻകോട് (107 എംഎം). പൊന്‍മുടിയില്‍ വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. മാറനല്ലൂരിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വയോധിക വീട്ടിനുള്ളിൽ കുടുങ്ങി. അഗ്നിശമനാ സേനാംഗങ്ങളെത്തി 72 കാരിയെ രക്ഷപ്പെടുത്തി. കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈറ്റില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45ന് ലാന്‍ഡ് ചെയ്യേണ്ട കുവൈറ്റ് എയര്‍വേയ്സിൻ്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകി ലാന്‍ഡ്‌ചെയ്തത്.
രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റണ്‍വേ കാണാനായില്ല. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം വട്ടമിട്ടുപറന്നു. ഇതിനുശേഷമാണ് ലാന്‍ഡ് ചെയ്തത്.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
https://www.facebook.com/Malayalivartha
























