അവധി വിവാദത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

കനത്ത മഴയായിരുന്നിട്ടും അവധി പ്രഖ്യാപിക്കാന്‍ വൈകിയതിന് കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ കളക്ടര്‍ക്കെതിരെ ഉയര്‍ന്നത്. പലയിടങ്ങളിലും സ്‌കൂള്‍ ബസുകള്‍ പുറപ്പെട്ടതിനുശേഷമാണ് അവധി അറിയിപ്പുവന്നത്. അതിരാവിലെ ക്ലാസ് തുടങ്ങുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ എത്തുകയും ചെയ്തിരുന്നു. ഇതില്‍ പലരുടെയും രക്ഷിതാക്കള്‍ അവധിപ്രഖ്യാപനം ഏറെ വൈകിയാണ് അറിഞ്ഞത്.
തിരുവനന്തപുരം ജില്ലയില്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കളക്ടര്‍ അനുകുമാരി. യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് മാത്രമായതിനാല്‍ ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ല എന്നാണ് കളക്ടര്‍ പറയുന്നത്. രാവിലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായി ആലോചിച്ചശേഷമായിരുന്നു കളക്ടര്‍ അവധിപ്രഖ്യാപിച്ചത്.
അതേസമയം, മദ്ധ്യ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് നാളെ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി.ഇത് നാളെയോടെ ആന്ധ്ര– ഒഡീഷ തീരത്തിനു സമീപം തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് കരയില്‍ പ്രവേശിക്കാന്‍ സാദ്ധ്യതയുണ്ട്. തീവ്ര ന്യൂനമര്‍ദ്ദം കരയോട് അടുക്കുന്നതിനനുസരിച്ച് മദ്ധ്യ കേരളം മുതല്‍ വടക്കന്‍ കേരളത്തിലേക്ക് മഴവ്യാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറയിപ്പ്.
https://www.facebook.com/Malayalivartha
























