ജാമ്യം കിട്ടി കൂളായ് പുറത്തിറങ്ങി കെ എം ഷാജഹാന്‍ ; പോലീസിനെ കുടഞ്ഞ് കോടതിയുടെ ചോദ്യങ്ങള്‍

കെജെ ഷൈനെ അധിക്ഷേപിച്ചെന്ന കേസില്‍ കെഎം ഷാജഹാനെ തൂക്കിയെടുത്ത പോലീസിന് തിരിച്ചടി. യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം സിജെഎം കോടതിയാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. പോലീസിനെ നിര്‍ത്തിപ്പൊരിച്ചു കോടതി. എഫ്‌ഐആര്‍ ഇട്ട് മണിക്കൂറുകള്‍ക്കകം ഷാജഹാനെ അറസ്റ്റ് ചെയ്തതിന്റെ കാരണമാണ് കോടതി ആരാഞ്ഞത്. അറസ്റ്റ് ചെയ്യാനുള്ള ചെങ്ങമനാട് എസ്.ഐയുടെ അധികാരം സംബന്ധിച്ചും കോടതി ചോദ്യങ്ങളുയര്‍ത്തി.
ഷാജഹാനെ അറസ്റ്റ് ചെയ്തത് ചെങ്ങമനാട് പോലീസ് ആണ്. ചെങ്ങമനാട് എസ്.ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കിയത്?' വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ചെങ്ങമനാട് എസ്.ഐ എങ്ങനെ എറണാകുളത്ത് എത്തിയെന്നും കോടതിയുടെ ഭാഗത്തുനിന്നും ചോദ്യമുണ്ടായി. ഇതിന് മറുപടിയായി, പ്രത്യേക അന്വേഷണ സംഘത്തിലെ (ടകഠ) അംഗമാണ് ചെങ്ങമനാട് എസ്.ഐ എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു, അറസ്റ്റിനുള്ള എസ്.ഐ.ടിയുടെ ഉത്തരവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയും പോലീസ് അത് ഹാജരാക്കുകയും ചെയ്തു.
കൂടാതെ, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗികച്ചുവയുള്ള വാക്ക് വ്യക്തമാക്കാമോ എന്നും, വീഡിയോയില്‍ അശ്ലീലമായ ഭാഗം എന്താണെന്നും കോടതി ആരാഞ്ഞു. എന്നാല്‍ ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് ആയില്ല. ഷാജഹാന്‍ കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പോലീസ് വാദിക്കുകയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ മാത്രമാണ് വീഡിയോയില്‍ ഉന്നയിച്ചതെന്നും, വ്യക്തിപരമായി മോശമായി പരാമര്‍ശിച്ചിട്ടില്ലെന്നും ഷാജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കെ.ജെ. ഷൈന്‍ നല്‍കിയ ആദ്യപരാതിയില്‍ നോട്ടീസ് നല്‍കിയിട്ടും ഷാജഹാന്‍ അധിക്ഷേപം തുടര്‍ന്നതുസംബന്ധിച്ച് അവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് നല്‍കിയിരുന്നില്ല. അത് കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ കൈമാറി. ഷൈനിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘത്തിനുമുന്നില്‍ ഷാജഹാന്‍ പറഞ്ഞിരുന്നത്. ഷാജഹാന്‍ പങ്കുവെച്ചെന്ന് പറയുന്ന അധിക്ഷേപപോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനായി പോലീസ് ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയോട് വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍, അവര്‍ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചു. മെറ്റയില്‍നിന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്റര്‍പോള്‍ മുഖേന ഇടപെടാന്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കാര്‍ അനുമതി തേടിയിരുന്നു.
ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി യൂട്യൂബറും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം.ഷാജഹാന്‍. തന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ഷാജഹാന്‍ ഒരു കുറ്റവും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞു. 25 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലൈംഗിക ആരോപണ കേസുകളില്‍ നിരന്തരമായി ഇരകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് ഞാന്‍. വിഎസിനൊപ്പം നില്‍ക്കുമ്പോള്‍, ഐസ്‌ക്രീം പാര്‍ലര്‍, വിതുര കേസ്, കിളിരൂര്‍ തുടങ്ങിയ കേസുകളിലെല്ലാം ഇരകള്‍ക്കുവേണ്ടിയാണ് പോരാടിയത്. ഏറ്റവും അവസാനമായി വേടന്റെ കേസിലും ഇരയ്‌ക്കൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ എനിക്കെതിരെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്ന വാദം ഒരിടത്തും നിലനില്‍ക്കില്ല. പൊതുമണ്ഡലത്തിലും ഇപ്പോള്‍ കോടതിയിലും നിലനില്‍ക്കില്ലെന്ന് തെളിഞ്ഞു' ഷാജഹാന്‍ പറഞ്ഞു.
അടിസ്ഥാനമില്ലാത്ത വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയതെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മര്‍ദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തെയും സമര്‍ദ്ദത്തിലാക്കാന്‍ ശ്രമം നടന്നു. ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. 300 ഓളം ഭീഷണി കോളുകള്‍ വന്നിട്ടുണ്ട്. ഒരാളേയും താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ ഏകദേശം 2000 വീഡിയോകള്‍ ചെയ്തിട്ടുണ്ടെന്നും, അതില്‍ 25% ഭരണകൂടത്തിലെ പ്രമുഖര്‍ക്കെതിരെയായിരുന്നുവെന്നും ഷാജഹാന്‍ പറഞ്ഞു. ഇതാദ്യമായാണ് തനിക്കെതിരെ ഒരു കേസ് വരുന്നതെന്നും, തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ വീഡിയോകള്‍ ചെയ്തിട്ടുള്ളതെന്നും, ആ രീതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























