‘ഭാരതാംബ’ ഉണ്ടാകില്ല.... നാളെ രാജ്ഭവനിലെ ചടങ്ങിന് മുഖ്യമന്ത്രി എത്തും...സതീശൻ സൈഡ് തരൂർ മെയിൻ

രാജ്ഭവനിൽ ഞായറാഴ്ച നടക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. രാജ്ഭവനിലെ വേദികളിൽ ഭാരതാംബയുടെ ചിത്രമുണ്ടാകുമെന്ന നിർബന്ധത്തിൽനിന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പിൻവാങ്ങി. ഈ ചടങ്ങിൽ ഭാരതാംബയുടെ ചിത്രമുണ്ടാകില്ല. പരിപാടിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള സന്ദേശം രാജ്ഭവന് കിട്ടി. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്റെ പ്രകാശനമാണ് ചടങ്ങ്. ശശി തരൂർ എംപിക്ക് ആദ്യപ്രതി നൽകി മുഖ്യമന്ത്രിയാണ് പ്രകാശിപ്പിക്കുക. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും സാന്നിധ്യമേ ഉദ്ദേശിച്ചിട്ടുള്ളൂ. അദ്ദേഹത്തെ കാഴ്ചക്കാരനാക്കി എംപിയായ ശശി തരൂരിന് കോപ്പി നൽകി മാസിക പ്രകാശിപ്പിക്കുന്നതിൽ പ്രോട്ടക്കോൾ ലംഘനം ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന പ്രസ്താവനകൾകാരണം കോൺഗ്രസ് നേതൃത്വത്തിന് അനഭിമതനാണ് തരൂർ. പ്രതിപക്ഷനേതാവിനെ ഒഴിവാക്കി തരൂരിന് പ്രധാന റോൾ നൽകുന്നതിൽ രാജ്ഭവൻ രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനം കോൺഗ്രസിനുണ്ട്. സിപിഎം-ബിജെപി അന്തർധാരയാണ് കോൺഗ്രസ് ഈ ചടങ്ങിലും കാണുന്നത്. പ്രതിപക്ഷനേതാവ് എത്തില്ലെന്നാണ് സൂചന.
രാജ്ഭവനിലെ ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രംെവച്ചത് നേരത്തേ വിവാദമായിരുന്നു. മന്ത്രി പി. പ്രസാദ് ഒരു പരിപാടി ബഹിഷ്‌കരിക്കുകയും മന്ത്രി വി. ശിവൻകുട്ടി ഒരു ചടങ്ങിൽനിന്ന് ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞപോലെയുള്ള ഔദ്യോഗിക ചടങ്ങുകളിൽ ഒഴികെയുള്ള രാജ്ഭവനിലെ വേദികളിൽ ഭാരതാംബയുടെ ചിത്രം നിർബന്ധമായും ഉണ്ടാകുമെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത സ്വകാര്യസംഘടനയുടെ വേദിയിൽ ഭാരതാംബ ചിത്രം വെച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. അത് തടയാൻ ശ്രമിച്ച രജിസ്ട്രാറുടെ സസ്പെൻഷൻ ഇപ്പോഴും പിൻവലിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























