സുഹൃത്തിനു പിന്നാലെ..... കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ ടൂറീസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വയോധികനും മരണത്തിന് കീഴടങ്ങി

സങ്കടമടക്കാനാവാതെ വീട്ടുകാർ.... കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ ടൂറീസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വയോധികനും മരിച്ചു. ശ്രീകാര്യം എൻജിനീയിയറിങ് കോളേജിലെ ജീവനക്കാരനും പാങ്ങപ്പാറ കുഞ്ചുവിള ക്ഷേത്രത്തിനുസമീപം അശ്വതി ഭവനിൽ ബി. ശശിധരൻ നായർ(68) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹ്യത്ത് ശ്രീകാര്യം ശാസ്താംകോണം ഇ.എം.എസ്. നഗർ വേടൻ വിളാകത്ത് വീട്ടിൽ ഗംഗാധരൻ നായർ (82) ബസിന്റെ മുൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയിലെ പരുത്തിക്കുഴി ജങ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനുശേഷം രണ്ടുപേരും വീട്ടിലേക്ക് തിരികെ പോകുന്നതിന് ഈഞ്ചയ്ക്കൽ ഭാഗത്ത് എത്തിയിരുന്നു. റോഡ് അടച്ചിരുന്നതിനെ തുടർന്ന് പരുത്തിക്കുഴിഭാഗത്തെത്തി റോഡ് മുറിച്ചുകടക്കാനായി ശ്രമിക്കവെ കോവളം ഭാഗത്തുനിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇരുവരെയും ഇടിച്ചുവീഴ്ത്തി.
ശശിധരൻനായരുടെ ഇടുപ്പെല്ലുകൾക്കും നട്ടെല്ലിനും തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 1.10 ഓടെ മരിച്ചു. പൂന്തുറ പോലീസ് കേസെടുത്തു. ഭാര്യ: കോമളവല്ലി. മക്കൾ: അശ്വതി, ആരതി. മരുമക്കൾ: ജിയ ധനികുമാർ, വിമൽ. സഞ്ചയനം വ്യാഴാഴ്ച 8.30-ന് നടക്കും.
"https://www.facebook.com/Malayalivartha