ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും...

ഓസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്നു വിരമിച്ച വെറ്ററൻ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവർ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതാണ്.
മാർച്ചിൽ ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ശേഷം ഇരുവരും അന്താരാഷ്ട്ര പോരാട്ടം കളിച്ചിട്ടില്ല. 7 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് രണ്ടു പേരും തിരിച്ചു വരുന്നത്.
ഈ മാസം 19 മുതൽ പെർത്തിലാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസീസ് മണ്ണിൽ കളിക്കുന്നത്. പരുക്കേറ്റ് പുറത്തു നിൽക്കുന്ന ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരെ ടീമിലേക്ക് പരിഗണിച്ചേക്കില്ല.
ഹർദികിന്റെ അഭാവത്തിൽ നിതീഷ് കുമാർ റെഡ്ഡിക്ക് ഏകദിന ടീമിലേക്ക് പരിഗണന ലഭിച്ചേക്കും. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ടീമിലെത്തിയേക്കും. പന്തിന്റെ അഭാവത്തിൽ ഒന്നാം വിക്കറ്റ് കീപ്പറായി കെഎൽ രാഹുലെത്തുമ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിനെ മറികടന്നു സഞ്ജുവിനെ പരിഗണിക്കാനാണ് സാധ്യത.
"https://www.facebook.com/Malayalivartha