ട്രെയിനില്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

റയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ യാത്രയ്ക്ക് കാത്തിരിക്കയായിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ചു ശുചിമുറിക്കുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊടുങ്ങല്ലൂര്‍ ചന്തപ്പുര സ്വദേശി ചിറ്റേടത്തു വീട്ടില്‍ വിനയനെ (45) ആണു റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ 12.30-നു ഗുരുവായൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുരുവായൂര്‍- എറണാകുളം പാസഞ്ചറിലാണു സംഭവം. കളമശേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടി ഗുരുവായൂര്‍ തൈക്കാടുള്ള ബന്ധുവീട്ടില്‍നിന്ന് എറണാകുളത്തേക്കു തിരിച്ചു പോകാനായി റയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു.
വനിതാ കംപാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കിരുന്ന യുവതിയോട് ട്രെയിന്‍ പുറപ്പെടുന്ന സമയം ചോദിച്ചെത്തുകയായിരുന്നു വിനയന്‍. തുടര്‍ന്നു പെട്ടെന്നു വായ പൊത്തിപ്പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്ക് എടുത്തുകൊണ്ടുപോയി. പിടി വിടുവിച്ചു കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അടുത്ത കംപാര്‍ട്‌മെന്റുകളില്‍നിന്നു യാത്രക്കാര്‍ ഓടിയെത്തി.
എന്നാല്‍ അടുത്തുവന്നാല്‍ പെണ്‍കുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വിനയന്‍ പെണ്‍കുട്ടിയെ ശുചിമുറിക്ക് അകത്തേക്കു കടത്താന്‍ ശ്രമിച്ചു. പിന്നിലൂടെ എത്തിയ യാത്രക്കാരിലൊരാള്‍ വിനയനെ തട്ടിമാറ്റി പെണ്‍കുട്ടിയെ രക്ഷിച്ചു. തുടര്‍ന്നു നാട്ടുകാരും ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് വനിതാ കോണ്‍സ്റ്റബിള്‍ പി.കെ. പ്രസന്നയും ചേര്‍ന്നു പിടികൂടി ഗുരുവായൂര്‍ ടെംപിള്‍ പൊലീസിനു കൈമാറി. പ്രതിയെ പിന്നീടു തൃശൂര്‍ റയില്‍വേ പൊലീസിനു കൈമാറുകയായിരുന്നു.
ഭയന്നുപോയ യുവതിയെ ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടു. വിനയന്‍ ആദ്യം വനിതാ കംപാര്‍ട്‌മെന്റില്‍ കയറിയപ്പോള്‍ വെള്ളം വില്‍ക്കാനെത്തിയ ആള്‍ ചോദ്യം ചെയ്ത് ഇറക്കിവിട്ടിരുന്നു. പിന്നീട് ഇയാളില്ലാത്ത തക്കത്തിനു വീണ്ടും കയറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
യാത്രക്കാരും നാട്ടുകാരും സമയോചിതമായി ഇടപെട്ടതിനാല്‍ സൗമ്യയുടേതു പോലൊരു ദുരന്തം ആവര്‍ത്തിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha