43 വര്‍ഷങ്ങള്‍ക്കപ്പുറം അമ്മയെ തേടി സ്വീഡനില്‍ നിന്ന് മകള്‍ ഇന്ത്യയിലെത്തി

പെറ്റമ്മയെ ആദ്യമായി കണ്ട ആ നിമിഷം അത് അവള്‍ ഇന്നും നിറകണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടെയും ഓര്‍ക്കുകയാണ്. 43 വര്‍ഷങ്ങള്‍ക്കപ്പുറം അവള്‍ തന്റെ അമ്മയെ തേടി ഇന്ത്യയിലെത്തിയിരിക്കുകയാണ്. ആ ഉദരത്തില്‍ ആദ്യമായി പിറന്നവള്‍ അമ്മയുടെ അതേ മുഖഛായ പക്ഷെ അമ്മയുടെ മുന്നില്‍ എത്തിയ അവളുടെ ശരീരം മരവിച്ചു പോയി സന്തോഷം കൊണ്ടാവാം...അമ്മയെ കെട്ടിപിടിച്ച് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ആ മാറത്തെ ചൂടില്‍ പറ്റി ചേര്‍ന്ന് നില്‍ക്കാന്‍ തോന്നി അവള്‍ക്ക്. പക്ഷെ തന്നെ അമ്മ വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ എങ്ങനെ സ്വീകരിക്കും എന്ന ഭയമായിരുന്നു മനസ്സു നിറയെ.
മാതൃത്വം അതെത്രയൊക്കെ നിഷേധിക്കപ്പെട്ടാലും പിന്നൊരിക്കല്‍ തിരിച്ചെത്തുക തന്നെ ചെയ്യും.
എലിസബത്ത് പൂര്‍വെ ജോറന്റാല്‍ സ്വീഡിഷ് സ്വദേശിയാണ്. ജനിക്കുമ്പോള്‍ ഇന്ത്യക്കാരിയായിരുന്ന എലിസബത്ത് ഇന്ന് സ്വീഡിഷുകാരിയാണ്, വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വീഡിഷ് ദമ്പതികളാല്‍ ദത്തെടുക്കപ്പെട്ട പെണ്‍കുട്ടി.
ഇരുപത്തിയൊന്നാം വയസിലായിരുന്നു എലിസബത്തിന്റെ അമ്മയുടെ വിവാഹം. മൂന്നുവര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം പെട്ടെന്നൊരുനാള്‍ അച്ഛന്‍ മറ്റാരോടോ വഴക്കിട്ടു വന്ന് ആത്മഹത്യ ചെയ്തു. അതിനു ശേഷം മാതാപിതാക്കള്‍ അമ്മയെ മറ്റൊരു വിവാഹത്തിനായി നിരന്തരം നിര്‍ബന്ധിച്ചു. പക്ഷേ ഗര്‍ഭിണിയായിരുന്ന അമ്മയെ അവര്‍ പിന്നീടൊരു കരുണാലയത്തില്‍ പ്രസവിക്കാന്‍ അനുവദിച്ചു. അങ്ങനെ 1973ന് എലിസബത്ത് ജനിച്ചു. എലിസബത്തിനു രണ്ടരവയസായതോടെ അവളെ ഒരു സ്വീഡിഷ് ദമ്പതികള്‍ ദത്തെടുക്കുകയും ചെയ്തു. പക്ഷേ എന്നും എലിസബത്ത് തന്റെ യഥാര്‍ഥ അമ്മയെക്കുറിച്ചു ചിന്തിച്ചിരുന്നു. യഥാര്‍ഥ അമ്മയെ കണ്ടെത്താനുള്ള തന്റെ തീരുമാനത്തെ വളര്‍ത്തച്ഛനും അമ്മയും പിന്തുണയ്ക്കുകയും ചെയ്തു.
1998 മുതല്‍ അമ്മയെത്തേടിയുള്ള അന്വേഷണം അവസാനിച്ചത് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലാണ്. ദത്തുപത്രത്തിലുണ്ടായിരുന്നതു വച്ച് അമ്മയുടെ പേരും മുത്തച്ഛന്റെ പേരും മാത്രമേ അറിയുമായിരുന്നുള്ളു. 2014ല്‍ ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഗൈന്‍സ്റ്റ് ചൈല്‍ഡ് ട്രാഫിക്കിങ് സംഘടനയെ ബന്ധപ്പെട്ടതാണ് വഴിത്തിരിവായത്. ഓഗസ്റ്റില്‍ അമ്മയുടെ ഫൊട്ടോ സഹിതം ആളെ കണ്ടെത്തിയെന്നു കാണിച്ച് സംഘടനയില്‍ നിന്നും മെയില്‍ വന്നു. അങ്ങനെ അമ്മയെ കാണാനെത്തിയപ്പോള്‍ ഇരുവരും ആദ്യകാഴ്ചയില്‍ സ്തബ്ധരായിരിക്കുകയാണ് ചെയ്തത്. ജീവിതത്തില്‍ ഒരിക്കലും തിരികെ ലഭിക്കില്ലെന്നു കരുതിയ മകളെ കണ്ടെത്തിയ നിമിഷം അമ്മയ്ക്കും മറക്കാനാവില്ല.
ഇന്നു തന്റെ രണ്ടാം വിവാഹത്തിലെ മക്കള്‍ക്കൊപ്പമാണ് എലിസബത്തിന്റെ അമ്മ കഴിയുന്നത്. താന്‍ അമ്മയുടെ കാര്‍ബണ്‍ കോപ്പിയാണെന്നു കൂടി കേള്‍ക്കുമ്പോള്‍ എലിസബത്തിന് എന്തെന്നില്ലാത്ത സന്തോഷം. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെങ്കിലും അമ്മയുടേതു പോലെ തന്നെയാണ് നോട്ടവും സംസാരവും ഭാവങ്ങളുമെല്ലാം എന്നതും എലിസബത്തിനെ സന്തുഷ്ടയാക്കുന്നു. ഒടുവില്‍ തിരിച്ചു സ്വീഡനിലേക്കു പോരുന്ന നിമിഷം കണ്ണീരോടെയാണ് ഇരുവരും യാത്ര പറഞ്ഞതത്രേ. എന്നും ഉള്ളില്‍ ആനന്ദിക്കാന്‍ ഒരിക്കലും കാണില്ലെന്നു കരുതിയ അമ്മയെ കണ്ടെത്തിയ നിമിഷം മാത്രം മതിയെന്ന് പറയുന്നു എലിസബത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha