നഴ്സുമാർ നോക്കി നിൽക്കെ സ്റ്റെയർ കെയ്‌സിൽ നിന്ന് ചാടി ഭാസുരൻ; മുറിയിലെത്തിയപ്പോൾ കണ്ടത്

ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല’– ഭാസുരാംഗൻ എപ്പോഴും പറയാറുള്ള വാക്കുകളാണിതെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ ഭാര്യ ജയന്തിയെ ആശുപത്രി മുറിയിൽ കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി മരിച്ച ഭാസുരാംഗനെ കുറിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായം മാത്രമേയുള്ളൂ. ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല.
‘വൃക്ക രോഗത്തെ തുടർന്ന് ചേച്ചിക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയുള്ള സർജറിക്ക് 5 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണു പറഞ്ഞത്–’ ജയന്തിയുടെ സഹോദരി കെ.ഗിരിജ പറഞ്ഞു. ചികിത്സാച്ചെലവുകൾക്കായി കുടുംബം ബുദ്ധിമുട്ടിയിരുന്നു. ഇരുവരും വലിയ അടുപ്പമായിരുന്നു. ‘ചേച്ചിക്കു ഭക്ഷണം നൽകിയിരുന്നത് ചേട്ടനാണ്. ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേച്ചിയെ കാണിക്കാൻ ഒപി ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു–’ ഗിരിജ പറഞ്ഞു.
നാട്ടിലെ പൊതുപരിപാടികളിൽ സജീവമായിരുന്ന ഭാസുരാംഗൻ പുരുഷ സംഘത്തിലെ അംഗമായിരുന്നു. രോഗം കാരണം അനുഭവിക്കുന്ന കഷ്ടതകളും സാമ്പത്തിക ബാധ്യതയുമാകാം ഭാര്യയെ കൊല്ലാനും ജീവനൊടുക്കാനും ഭാസുരാംഗനെ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ കരുതുന്നു. വൃക്ക തകരാറിലായതോടെ കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ജയന്തിക്കു ഡയാലിസിസ് ആരംഭിച്ചത്. രോഗം മൂർഛിച്ചതോടെ കഴിഞ്ഞ ഒന്നിന് ഉച്ചയ്ക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡയാലിസിസിന് കയ്യിൽ ട്യൂബിട്ടതുമായി ബന്ധപ്പെട്ട് അണുബാധ ഉണ്ടായി. തുടർന്ന് കഴിഞ്ഞ 5ന് ഒരു ശസ്ത്രക്രിയ കഴിഞ്ഞു. വീണ്ടും ശസ്ത്രക്രിയയ്ക്കു വലിയ തുക കണ്ടെത്തേണ്ടിയിരുന്നു.
ആഴ്ചയിൽ 2 ഡയാലിസിസാണ് നടത്തിയിരുന്നത്. സ്വകാര്യ ആശുപത്രിയായതിനാൽ ചികിത്സയ്ക്കു വലിയ ചെലവായി. തുടർ ചികിത്സയ്ക്ക് സാമ്പത്തികമായി കുടുംബം ബുദ്ധിമുട്ടിയിരുന്നു. ചികിത്സ നടത്തിയതിൽ കടം ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. മുൻപ് മരപ്പണി കരാർ എടുത്തു ചെയ്തിരുന്നെങ്കിലും പ്രായത്തിന്റെ അവശത കാരണം കുറച്ചുകാലമായി ജോലിക്കു പോകുന്നില്ല. ഇതിനിടെ പക്ഷാഘാതം കാരണം ശരീരത്തിന്റെ ഒരു ഭാഗം തളർന്നു. രോഗം ഭേദപ്പെട്ടെങ്കിലും നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന. വൃക്കരോഗിയായ കരകുളം ഹൈസ്കൂൾ ജംക്‌ഷൻ അനുഗ്രഹയിൽ കെ.ജയന്തിയെ (62) കൊലപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവ് ഭാസുരാംഗൻ ആചാരി (72) ആശുപത്രിയുടെ മുകള്‍നിലയില്‍നിന്നു ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഭാസുരനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പുലര്‍ച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാരാണ് ഭാസുരന്‍ സ്‌റ്റെയര്‍കെയ്‌സില്‍നിന്നു ചാടുന്നത് കണ്ടത്. ഉടന്‍ ഇവര്‍ വിവരം അറിയിക്കാന്‍ ജയന്തി കിടന്നിരുന്ന മുറിയിലെത്തി. അപ്പോഴാണ് ജയന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം നല്‍കാന്‍ ഉപയോഗിക്കുന്ന ട്യൂബ് കഴുത്തില്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഇവര്‍ക്കു രണ്ടു മക്കളാണ്. മൂത്ത മകന്‍ വിദേശത്താണ്. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് മകള്‍ പൊലീസിനു മൊഴി നല്‍കി.
മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ഒക്ടോബര്‍ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയില്‍ ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ജയന്തിക്കു കൂട്ടിരിക്കാൻ എത്തിയതായിരുന്നു ഭാസുരാംഗൻ. മക്കൾ: രഞ്ജിത് (വിദേശം), രചന (എച്ച്ഡിഎഫ്‌സി ബാങ്ക്), മരുമകൻ: നവീൻ.
https://www.facebook.com/Malayalivartha