നിങ്ങള്‍ മീന്‍ കഴിക്കുന്നവരാണോ? അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന മീനുകളില്‍ കടുത്ത രാസപ്രയോഗമെന്ന് റിപ്പോര്ട്ട്

കടുത്ത വേനല്‍ ആയതിനാല്‍ സംസ്ഥാനത്ത് മീന്‍ ക്ഷാമം വളരെ രൂക്ഷമായിരിക്കുകയാണ്. കൂടാതെ ചെറുമീനുകളെ വ്യാപകമായി പിടികൂടി വളത്തിനും കോഴി- മത്സ്യത്തീറ്റകള്‍ക്കുമായി ഉപയോഗിക്കുന്നതു മൂലമുണ്ടായ മത്സ്യക്ഷാമത്തിന്റെ മറവില്‍ സംസ്ഥാനത്തേക്ക് മത്സ്യക്കടത്തല്‍ വ്യാപകമായി. യാതൊരു പരിശോധന കൂടാതെയും മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തിയും എത്തിക്കുന്ന മത്സ്യം കൂട്ടുന്നവര്‍ക്ക് വ്യാപകമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങി. ക്ഷാമത്തിന്റെ പേരു പറഞ്ഞ് ക്രൈസ്തവരുടെ നൊയ്മ്പു കാലമായിട്ടും മീന്‍വില മുമ്പൊന്നുമില്ലാത്ത വിധം ഉയരുകയാണ്.
മീന്‍ക്ഷാമം മുതലെടുത്ത് സംസ്ഥാനത്തേക്ക് വന്‍തോതിലാണ് മീന്‍ കടത്തുന്നത്. ആന്ധ്ര, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഇങ്ങനെയെത്തിക്കുന്ന മീനുകള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്നത് മാരക രാസപദാര്‍ത്ഥങ്ങളാണ്.
അമിത രാസപ്രയോഗം മൂലം മീന്‍ കൂട്ടുന്നവരില്‍ അസ്വസ്ഥതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും സംസ്ഥാനത്തേക്ക് എത്തിക്കുന്ന മീനുകള്‍ ആവശ്യമായ പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗമോ ആരോഗ്യ വിഭാഗമോ തയ്യാറാകുന്നില്ല.
ഇത്തവണ ചൂട് കൂടുന്നതുമൂലം മീനുകള്‍ കടലുകളുടെ അടിത്തട്ടിലേക്ക് പോയതും പ്രജനനകാലത്തുപോലും ചെറുമീനുകളെ തൂത്തുവാരുന്നതുമൂലവും മീന്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇതു മുതലെടുത്താണ്് സംസ്ഥാനത്തേക്ക് വന്‍ തോതില്‍ മത്സ്യങ്ങള്‍ എത്തിക്കുന്നത് കപ്പലുകളും വലിയ ബോട്ടുകളും ഉപയോഗിച്ച് ഉള്‍ക്കടലുകളില്‍ നിന്നും പിടിക്കുന്ന മത്സ്യങ്ങള്‍ മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും ശേഷമാണ് ഹാര്‍ബറുകളില്‍ എത്തിക്കുന്നത്. ഇവിടെ നിന്നും ഇടനിലക്കാര്‍ ലേലത്തില്‍ പിടിക്കുന്ന മത്സ്യം വന്‍ ഫ്രീസറുകളില്‍ സൂക്ഷിച്ചശേഷമാണ് ഓര്‍ഡര്‍പ്രകാരം മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി വിടുന്നത്.
ശിതീകരണ സംവിധാനങ്ങള്‍ ഉള്ള ലോറികളിലാണ് ഇവ എത്തിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഫ്രീസര്‍ സംവിധാനങ്ങള്‍ ഉളള ലോറികള്‍ക്ക് വാടക കൂടുതലായതിനാല്‍ ലാഭക്കൊതി മൂത്ത ഏജന്റുമാര്‍ പലപ്പോഴും ഐസ് ഉപയോഗിച്ചാണ് ലോറികളില്‍ മീന്‍ എത്തിക്കുന്നത്. ഐസ് അലിയാതിരിക്കാനും മാരകമായ രാസപ്രയോഗം വ്യാപകമാണ്.
മീനുകള്‍ അഴുകാതിരിക്കാന്‍ അമോണിയം ഉപയോഗിക്കുന്നത് വ്യാപകമാണ്. ഇതിനു പുറമേയാണ് മൃതദേഹം ചീയാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മീനുകളിലും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഇതു മൂലം കാലങ്ങളോളം മീനുകള്‍ കേടുകൂടാതിരിക്കും,. ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ന്ന മീനുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. സ്ഥിരമായി മീന്‍ കൂട്ടുന്ന പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. വരവു മീനുകള്‍ പരിശോധിക്കുന്നതില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഗുരുതരമായ വീഴ്ച വരുത്തുന്നതാണ് ഇതിനു കാരണം . ക്ഷാമത്തിന്റെ പേരില്‍ വലുപ്പചെറുപ്പമില്ലാതെ മീനുകള്‍ക്ക് വിപണിയില്‍ വില കുതിക്കുകയാണ്.
ചാളയും പരവയും കൊഴിയാളയും നത്തോലിയും ഒഴിച്ചുള്ള മീനുകള്‍ അപൂര്‍വമായേ ലഭിക്കുന്നുള്ളൂവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ജൂണ്‍ ജൂലൈ മാസങ്ങളിലാണ് സാധാരണയായി മീനുകള്‍ക്ക് സംസ്ഥാനത്ത് വില ഉയരുന്നത്. മീന്‍ക്ഷാമം രൂക്ഷമായതോടെ പതിവുകള്‍ തെറ്റിച്ച് ഇക്കുറി വിലനേരത്തെ തന്നെ ഉയരുകയാണ്. വിലക്കുറവുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്ന മത്സ്യഫെഡ് സ്റ്റാളുകളില്‍ പോലും മീനുകള്‍ കിട്ടാനില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha