'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; വിവാദ പരാമര്‍ശം ആരോപിച്ച് നടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

വിഷാദരോഗത്തെ കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി ധനഞ്ജയ്. യൂട്യൂബ് ചാനലിന് നടി നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. നടി വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. വിഷാദരോഗത്തെ 'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍' എന്ന് നടി അഭിമുഖത്തില്‍ തമാശ രൂപേണ പരാമര്‍ശിച്ചു.
മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ കൂടുതല്‍ ഒറ്റപ്പെടുത്താനും ചികിത്സ തേടുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനും സാധ്യതയുള്ള അശാസ്ത്രീയമായ പ്രസ്താവന, പൊതുസമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയുടെ ഭാഗത്തുനിന്ന് വന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് പരാതിയില്‍ പറയുന്നു. വിവാദപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ ഭാഗം യൂട്യൂബില്‍നിന്ന് ഉടന്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടുക, നടി കൃഷ്ണ പ്രഭ, പൊതുജനങ്ങളോട് നിരുപാധികം ക്ഷമ ചോദിക്കുകയും മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നല്‍കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
'മാനസികാരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുമ്പോള്‍, ഇത്തരം പ്രസ്താവനകള്‍ എല്ലാ ബോധവല്‍ക്കരണ ശ്രമങ്ങളെയും തകര്‍ക്കുന്നതാണ്. വിഷാദം കളിയാക്കേണ്ട ഒന്നല്ല, കൃത്യമായ ചികിത്സ ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ്,' പരാതിക്കാരന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിഷയത്തില്‍ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനഞ്ജയ് കൂട്ടി ചേര്‍ത്തു.
https://www.facebook.com/Malayalivartha