ലോകത്തിന്റെ ഏത് കോണിലുമുള്ള വിദ്യാർത്ഥികളോടും കിടപിടിക്കാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്തം ഓരോ അദ്ധ്യാപകർക്കുമുണ്ട് ; മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് മന്ത്രി വി ശിവൻകുട്ടി

കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ചിന്തകളെ ഉത്തേജിപ്പിക്കുന്ന, അവരുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന . പുതിയ സാങ്കേതികവിദ്യകളെയും പഠനരീതികളെയും സ്വായത്തമാക്കി, ലോകത്തിന്റെ ഏത് കോണിലുമുള്ള വിദ്യാർത്ഥികളോടും കിടപിടിക്കാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്തം ഓരോ അദ്ധ്യാപകർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു.
മണക്കാട് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പണികഴിപ്പിച്ച പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഒരു തലമുറയെ വാർത്തെടുക്കുന്ന ശില്പികളെ രൂപപ്പെടുത്തുന്ന പുണ്യസ്ഥലമാണ്.
ക്ലാസ് മുറികളിൽ അദ്ധ്യാപകർ പകരുന്ന അറിവും മൂല്യങ്ങളുമാണ് സമൂഹത്തിന്റെ നട്ടെല്ലായി മാറുന്നത്. മാറുന്ന ലോകത്തിനനുസരിച്ച് അദ്ധ്യാപന രീതികളിലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' പോലുള്ള പദ്ധതികളിലൂടെ നമ്മുടെ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പരിശ്രമത്തിലാണ് സർക്കാർ. അതിന്റെ ഭാഗമായി ആയിരക്കണക്കിന് കോടി രൂപയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നീക്കിവെക്കുന്നതെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha