പാകിസ്താന്‍ ട്വന്റി20 ടീം നായക സ്ഥാനത്തുനിന്ന് സല്‍മാന്‍ അലി ആഗയെ മാറ്റും...

ഏഷ്യ കപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ട്വന്റി20 ടീം നായക സ്ഥാനത്തുനിന്ന് സല്‍മാന്‍ അലി ആഗയെ മാറ്റും. ചിരവൈരികളായ ഇന്ത്യയോട് ടൂര്‍ണമെന്റില്‍ 15 ദിവസത്തിനിടെ മൂന്നു മത്സരങ്ങളാണ് പാകിസ്താന്‍ തോറ്റത്.
ഓള്‍ റൗണ്ടര്‍ ശദാബ് ഖാന്‍ പുതിയ ക്യാപ്റ്റനാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് നായകനെ മാറ്റുന്നത്. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പിന് വേദിയാകുന്നത്.
ഏഷ്യ കപ്പ് ഫൈനലിലടക്കം ഇന്ത്യയോട് മൂന്നു മത്സരങ്ങള്‍ പരാജയപ്പെട്ടതോടെ ആഗയുടെ ക്യാപ്റ്റന്‍സിയെ ചൊല്ലി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 14ന് ഗ്രൂപ്പ് റൗണ്ടിലും 21ന് നടന്ന സൂപ്പര്‍ ഫോറിലും പാകിസ്താന്‍ ഇന്ത്യയോട് തോറ്റു. പിന്നാലെ 28ന് നടന്ന ഫൈനലിലും പാകിസ്താന്‍ ഇന്ത്യക്കു മുന്നില്‍ വീണു. ആഗ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി.
ഏഴു മത്സരങ്ങളില്‍ നിന്ന് 80.90 ശരാശരിയില്‍ 72 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ടൂര്‍ണമെന്റിലുടനീളം താരത്തിന്റെ ക്യാപ്റ്റന്‍സി തീരുമാനങ്ങളും വലിയ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.
പാകിസ്താനുവേണ്ടി 112 ട്വന്റി20 മത്സരങ്ങള്‍ കളിച്ച ശദാബ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ റോളും വഹിച്ചിട്ടുണ്ട്. തോളിലെ ശസ്ത്രക്രിയക്കു പിന്നാലെ വിശ്രമത്തിലുള്ള താരം അടുത്ത മാസം കളത്തിലേക്ക് മടങ്ങിയെത്തും.ജൂണ്‍ ആദ്യം ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലാണ് ശദാബ് പാകിസ്താനുവേണ്ടി അവസാനമായി കളിച്ചത്.
പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും ടീമിനെ നയിച്ച പരിചയവും ശദാബിനുണ്ട്. ട്വന്റി20 ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി വരുംമാസങ്ങളില്‍ ടീം കൂടുതല്‍ ട്വന്റി20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha