ഇടുക്കിയിൽ ശക്തമായ മഴ ; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും;ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം; മലവെള്ളപ്പാച്ചിലിൽ വളർത്തുമൃഗങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവ ഒലിച്ചുപോയി

ശനിയാഴ്ച പുലർച്ചേ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയിൽ എത്തി. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർദ്ധിച്ചിട്ടുണ്ട്. നിലവിൽ ജലനിരപ്പ് 137.8 അടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ 8.00 മണി മുതൽ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു. പരമാവധി 5,000 ക്യുസെക്‌സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിട്ടേക്കും. പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം കല്ലാർ ഡാമിലെ ജലനിരപ്പ് 824.5 മീറ്റർ പിന്നിട്ടതിനെ തുടർന്ന് നാല് ഷട്ടറുകൾ 60 സെന്റിമീറ്റർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. 160 ക്യൂമെക്സ് ജലമാണ് ഒഴുക്കിവിടുന്നത്. ശക്തമായ മഴ തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കല്ലാർ സാഹചര്യത്തിലാണ് നടപടി. രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ വീടുകളിലുള്ളവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു.
മലവെള്ളപാച്ചിലിൽ വണ്ടിപ്പെരിയാറിൽ വീടുകളിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കുമളിയിൽ ശക്തമായ മഴ പെയ്തതോടെ 5 കുടുംബങ്ങളെയും വീട്ടിൽ നിന്ന് മാറ്റിപാർപ്പിച്ചു. പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാർ മേഖലയിലും ശക്തമായ മഴയാണ് പെയ്തത്. പലയിടത്തും മലവെള്ളപ്പാച്ചിൽ ഉണ്ടായി തുടർന്ന് വളർത്തുമൃഗങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവ ഒലിച്ചുപോയി. . വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിലവിൽ മഴയുടെ ശക്തി കുറവാണ്. ആളപായം സംഭവിച്ചിട്ടില്ല .
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ടാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട കനത്തമഴയ്ക്കു പുറമെ ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോതമംഗലത്തും ശക്തമായ മഴയാണ് രാത്രി പെയ്തത്. കുടമുണ്ടപാലത്ത് വെള്ളം കയറിയതോടെ കാർ ഒഴുക്കിൽപ്പെട്ടു. രക്ഷാപ്രവർത്തകർ എത്തിയാണ് കാർ പുറത്തെത്തിച്ചത്.
https://www.facebook.com/Malayalivartha