ഉളുപ്പില്ലാതെ കസേരയില്‍ അള്ളിപ്പിടിച്ച് കിടക്കാതെ രാജിവെച്ച് പോകണം !! പിണറായി വിജയനെ ആട്ടിയോടിച്ച് സാംസ്‌കാരിക നയാകര്‍ ; പിഎം ശ്രീയില്‍ പിണറായി വിജയന്‍ പിന്നില്‍ നിന്ന് കുത്തിയതോടെ വലിയ പൊട്ടിത്തെറി...കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎംശ്രീ കുട്ടികളെന്ന് പരിഹസിച്ച് സാറാ ജോസഫ്

വടക്കോട്ട് നോക്കി മാത്രം കുരയ്ക്കുന്ന സാംസ്‌കാരിക നായകര്‍ ഇപ്പോള്‍ തെക്കോട്ട് നോക്കി കുരച്ച് തുടങ്ങി. തെക്കോട്ടെന്ന് പറയുമ്പോള്‍ ഇങ്ങ് കേരളത്തിലേക്ക് സെക്രട്ടേറിയറ്റിലേക്ക് ക്ലിഫ് ഹൗസിലേക്ക് നോക്കി കുരയ്ക്കുന്നു. ഇനിയും കസേരയില്‍ അള്ളിപ്പിടിച്ച് കിടക്കാതെ പിണറായി വിജയന്‍ രാജിവെക്കണമെന്ന് പൊട്ടിത്തെറിച്ച് സാംസ്‌കാരിക നയാകര്‍. ഭൂമിപിളര്‍ന്ന് പാതാളത്തിലേക്ക് പതിക്കുകയാണോന്ന് വിറച്ച് സിപിഎം. ഇതുവരെ താങ്ങിനിന്നവരെല്ലാം ചവിട്ടിപ്പുറത്താക്കുന്നു പൊതുമധ്യത്തില്‍ ആട്ടുന്നു. ഇടതുപക്ഷത്തിന് കുഴലൂത്ത് നടത്തി സെലക്ടീവ് വിഷയങ്ങളില്‍ മാത്രം പ്രതികരിച്ചിരുന്നവര്‍ക്കും നേരം വെളുത്തോ. പിഎംശ്രീയില്‍ പിണറായി വിജയന്‍ സകലരേയും പിന്നില്‍ നിന്ന് കുത്തി. മന്ത്രിമാര്‍ പോലും അറിയാതെ പദ്ധതിയില്‍ ഒപ്പിട്ടത്. പിണറായി വിജയന്റെ കാലുവാരല്‍ കണ്ട് ഞെട്ടി പണ്ടാരമടങ്ങി എഴുത്തുകാരും പ്രാകുന്നു. ഇനി ഒരു നിമിഷം ആ കസേരയില്‍ ഇരിക്കരുതെന്ന് പച്ചയ്ക്ക് പറയുന്നു.
പ്രഖ്യാപിത നിലപാട് തിരുത്തി കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്രഫണ്ട് നേടിയെടുക്കാനാണ് പിഎംശ്രീ നടപ്പാക്കുന്നതെന്ന സര്‍ക്കാര്‍ വിശദീകരണത്തോട് കേരളത്തിലെ സാഹിത്യസാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ എതിര്‍ത്തും അനുകൂലിച്ചും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിന്റെ സുസ്ഥിരവും സുതാര്യവുമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കേന്ദ്രം കൈകടത്തുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ഇവര്‍.
കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎംശ്രീ കുട്ടികള്‍ സാറാ ജോസഫ്.
കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎംശ്രീ കുട്ടികള്‍ക്കായി... ഒരൊറ്റ വാചകത്തിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത് എഴുത്തുകാരിയും അധ്യാപികയുമായ സാറാജോസഫാണ്. കമ്യൂണിസത്തിന് ഹിന്ദുത്വയില്‍ പിറക്കാന്‍ പോകുന്ന കുട്ടികളാണ് പിഎംശ്രീ പദ്ധതിയുടെ ഫലമെന്ന് എഴുത്തുകാരി പ്രതികരിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ നല്ലത് ഭരണം ഒഴിയലാണ്‌സച്ചിദാനന്ദന്‍
സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ നല്ലത് ഭരണം ഒഴിയലാണ്. സ്റ്റാലിനും മമതയും മാതൃകകള്‍ ആയിട്ടല്ല, പക്ഷേ ചിലപ്പോള്‍ നിലപാടുകള്‍ നിര്‍ണ്ണായകമാവുന്നു. സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ നല്ലത് ഭരണം ഒഴിയലാണ്. 25 വര്‍ഷം, ജോലി കൊണ്ടുതന്നെ, അദ്ധ്യാപകനായിരുന്നു ഞാന്‍. തലമുറകളെ നുണ പഠിപ്പിക്കാന്‍ ഞങ്ങളെപ്പോലെ ഉള്ളവര്‍ തയ്യാറാവില്ല. ഇടതുപക്ഷത്തെ പുനര്‍നിര്‍വ്വചിക്കാന്‍ സമയമായി. അത് കീഴാളര്‍ക്കു മേല്‍ക്കൈ ഉള്ള ജനാധിപത്യമാണ്, എല്ലാതരം സമഗ്രാധിപത്യത്തിനും എതിര് നില്‍ക്കുന്നത്, എല്ലാ വര്‍ഗ വംശ ലിംഗ മത ജാതി മേല്‍ക്കോയ്മകള്‍ക്കും എതിര്‍ നില്‍ക്കുന്നത്, കാണാത്തവരെ കാണിക്കുന്നത്, കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നത്. മുന്‍മാതൃകകള്‍ ഇല്ലാത്തത്.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, സി.പി.എം മന്ത്രിമാര്‍ക്കിടയിലും അതൃപ്തി പുകയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. ശിവന്‍കുട്ടിയും അല്ലാതെ മറ്റുള്ള മന്ത്രിമാരൊന്നും ഈ വിവരം നേരത്തെ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയെ സി.പി.ഐ എതിര്‍ക്കുന്നതിനിടയിലും ധാരണാപത്രം തയ്യാറാക്കിയ വിവരം വിദ്യാഭ്യാസ മന്ത്രി അറിയിച്ചില്ല. ശിവന്‍കുട്ടി വിവരം പങ്കുവയ്ക്കാതിരുന്നതും അഭിപ്രായം പോലും ചോദിക്കാതിരുന്നതുമാണ് മറ്റു സി.പി.എം മന്ത്രിമാരെ ചൊടിപ്പിക്കുന്നത്. കേന്ദ്രഫണ്ട് സ്വീകരിക്കുന്ന വിഷയമായിട്ടു കൂടി ധനവകുപ്പ് ഉദ്യോഗസ്ഥരെപ്പോലും അറിയിച്ചില്ലെന്ന പ്രതിഷേധവും സെക്രട്ടറിയേറ്റില്‍ ഉയരുന്നു.
പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടത് ചില സി.പി.എം മന്ത്രിമാര്‍ അറിഞ്ഞിരുന്നില്ല. പലരും മാധ്യമ വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞത്. 16 ന് ധാരണാപത്രം ഒപ്പിടാന്‍ അതീവ രഹസ്യമായ നീക്കങ്ങളാണ് ഡെല്‍ഹിയില്‍ നടന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചുരുക്കം ചില ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് വിവരം അറിഞ്ഞിരുന്നത്. മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞില്ലെന്നു മാത്രമല്ല, വ്യക്തിപരമായ സംഭാഷണങ്ങള്‍ക്കിടയില്‍ പോലും ഈ വിവരം പുറത്തു വരാതിരിക്കാന്‍ ശിവന്‍കുട്ടി ശ്രദ്ധിച്ചിരുന്നു. ഇതാണ് മറ്റു മന്ത്രിമാരെ ചൊടിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകിയും അഡീഷണല്‍ സെക്രട്ടറി ചിത്രയും ഡെല്‍ഹിയിലേക്ക് പോയതു പോലും രഹസ്യ സ്വഭാവം സൂക്ഷിച്ചു കൊണ്ടാണ്. എല്ലാം പിണറായി വിജയന്‍ നിശ്ചയിച്ചു. ശിവന്‍കുട്ടി നടപ്പാക്കുകയും ചെയ്തുവെന്ന തരത്തിലാണ് വിലയിരുത്തല്‍. പണ്ട് കാലത്ത് ഇത്തരത്തിലൊന്ന് സിപിഎം ഭരണകാലത്ത് സംഭവിക്കില്ല. എന്നാല്‍ ഇന്ന് പിണറായി നിശ്ചയിച്ചാല്‍ ആരും എതിര്‍ക്കാന്‍ പോലുമില്ല. അതുകൊണ്ട് തന്നെ പിഎം ശ്രീയിലും ആരും പിണറായിയേയോ ശിവന്‍കുട്ടിയേയോ സിപിഎമ്മില്‍ വിമര്‍ശിക്കില്ല.
പി.എം. ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ പട്ടിക കേരളം ഉടന്‍ കേന്ദ്രത്തിന് കൈമാറില്ലെന്നാണ് സൂചന. ധാരണാപത്രത്തില്‍ ഒപ്പുവച്ചെങ്കിലും പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് അടിയന്തരമായി കടക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ധാരണാപത്രം ഒപ്പിട്ടതിനുശേഷം സ്‌കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുന്നതാണ് അടുത്ത നടപടി. ഗുണഭോക്തൃ സ്‌കൂളുകളെ കേന്ദ്രം ഈ പട്ടികയില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്. എസ്എസ്എ ഫണ്ടിനായുള്ള ആദ്യ പ്രോപ്പോസല്‍ ഉടന്‍ സമര്‍പ്പിക്കും. എസ്എസ്എയ്ക്കായി 971 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിരുന്നു. പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചാല്‍ തടഞ്ഞുവച്ച വിഹിതങ്ങള്‍ നല്‍കാമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പി എം ശ്രീ ധാരണാപത്രം ഒപ്പിട്ടത് പതിനാറിനാണ്. ഇനി ധാരണാപത്രം റദ്ദാക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ല. മാനദണ്ഡം പാലിക്കപ്പെടുന്നില്ലെങ്കില്‍ 30 ദിവസത്തെ നോട്ടീസ് നല്‍കി എം.ഒ.യു പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന് റദ്ദാക്കാമെന്നും ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നു. സെക്രട്ടറി തലത്തില്‍ ഒപ്പിട്ട ഈ എം.ഒ.യുവിന്റെ കാലാവധി 2027 മാര്‍ച്ച് 31 വരെയാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കല്‍, ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിശ്ചിത കാലാവധിക്കുള്ളില്‍ അവസാനിക്കുകയാണ് ചെയ്യുക. 300 ഓളം സ്‌കൂളുകള്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറേണ്ടി വരും. കാലാവധി അവസാനിക്കുന്നതോടെ ഈ സ്‌കൂളുകളെല്ലാം സംസ്ഥാന സര്‍ക്കാരിന് തന്നെ കൈമാറുകയാണ് ചെയ്യുക.
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്തയും രംഗത്ത്. സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വിയാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചു രംഗത്തുവന്നത്. 1.98 ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റ് ചെലവഴിക്കുന്ന ജനാധിപത്യ സര്‍ക്കാര്‍ കേവലം 1500 കോടിക്കു വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്ത് പരിഹാസ്യരാവുന്നുവെന്ന് നദ്വി കുറ്റപ്പെടുത്തി. നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന അതിനിഷ്ഠൂരമായ നിലപാടാണ് ഇത്. ഇതിനെതിരെ സാര്‍വത്രികമായ പ്രചാരണം നടത്തപ്പെടുകയും ജനത്തെ ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതോടെ, നമ്മുടെ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം കൂടി നടപ്പാക്കേണ്ട ഗതികേടാണ് വരാനിരിക്കുന്നതെന്നത് മറ്റാരെക്കാളും സര്‍ക്കാരിനറിയാം. കാലങ്ങളായി ഫാസിസ്റ്റു ഭരണം കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗത്ത്, കാവിവത്കരണത്തിന് മലയാള നാട്ടിലും ബോധപൂര്‍വം പരവതാനി വിരിക്കുകയാണ് കേരള വിദ്യാഭ്യാസ വകുപ്പ്. സഖ്യകക്ഷികളുടെ എതിര്‍പ്പ് പോലും അവഗണിച്ച് പി എം ശ്രീ യോടുള്ള സിപിഎമ്മിന്റെ വിധേയത്വം ചെറുക്കപ്പെടണം. വര്‍ഗീയതയിലധിഷ്ഠിതമായ ബി.ജെ.പിആര്‍.എസ്.എസ് അസ്തിത്വത്തോട് വിയോജിക്കുന്നുവെന്ന് പെരുമ്പറയടിച്ചു നടക്കുന്ന ഭരണകക്ഷി, കേരളീയ സമൂഹത്തെ ഒന്നടങ്കം ഇതേ വര്‍ഗീയതയിലേക്കും അതിലധിഷ്ഠിതമായ കാവി സംസ്‌കാരത്തിലേക്കും നയിക്കുന്നതിന് സഹായകമായ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ന്യായീകരണം ചോദ്യം ചെയ്യാന്‍ ഓരോ കേരളീയനും സന്നദ്ധനാകേണ്ടതുണ്ടെന്നും ബഹാവുദ്ദീന്‍ നദ്വി പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























