കൂമ്പന്‍പാറ മണ്ണിടിച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട സന്ധ്യയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി

ഇടുക്കി അടിമാലിയിലെ കൂമ്പന്‍പാറയിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നെടുമ്പിളിക്കുടി വീട്ടില്‍ സന്ധ്യ ബിജുവിന് (41) സഹായവുമായി നടന്‍ മമ്മൂട്ടി. കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍, ആലുവ രാജഗിരി ആശുപത്രിയിലെ സന്ധ്യയുടെ തുടര്‍ ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും അദ്ദേഹം ഏറ്റെടുത്തു. ഈ ദുരന്തത്തില്‍ ഭര്‍ത്താവ് ബിജുവിനെ നഷ്ടപ്പെടുകയും, ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തിരുന്നു. അതിലും വേദനാജനകമായി, കഴിഞ്ഞ വര്‍ഷം മകനും കാന്‍സര്‍ രോഗം മൂലം മരണമടഞ്ഞു. ഇപ്പോള്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് സന്ധ്യയുടെ ഏക ആശ്രയം.
നിസ്സഹായരായ ബന്ധുക്കള്‍ സഹായം അഭ്യര്‍ത്ഥിച്ച് മമ്മൂട്ടിയുടെ ഫൗണ്ടേഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ മനുഷ്യ സ്‌നേഹപരമായ ഇടപെടല്‍ ഉണ്ടായത്. മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിച്ച് ചികിത്സാച്ചെലവ് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സന്ധ്യയെ അതീവ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയില്‍ എത്തിച്ചത്. മണ്ണിനടിയില്‍ ഏകദേശം മൂന്ന് മണിക്കൂറോളം കുടുങ്ങിപ്പോയ സന്ധ്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഏഴ് മണിക്കൂറിലധികം സമയമെടുത്തു. ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലയ്ക്കുകയും അസ്ഥികള്‍ പലയിടത്തായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരയുകയും ചെയ്ത അവസ്ഥയിലായിരുന്നു.
അടിയന്തരമായി എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഇടതുകാലിലെ രക്തയോട്ടം പുനഃസ്ഥാപിച്ച് ഒടിഞ്ഞ അസ്ഥികള്‍ പൂര്‍ണ്ണരൂപത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നിരുന്നാലും, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷവസ്തുക്കള്‍ വര്‍ദ്ധിക്കുകയും അത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തതോടെ ജീവന്‍ രക്ഷിക്കുന്നതിനായി ഇടതുകാല്‍ മുട്ടിന് മുകളില്‍ വച്ച് നീക്കം ചെയ്യേണ്ടി വന്നു.
ഇടതുകാലിന്റെ സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ഇനി പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള തുടര്‍ ചികിത്സകള്‍ ആവശ്യമാണ്. വലതുകാലിലെ രക്തയോട്ടവും അസ്ഥികളും താരതമ്യേന തകരാറിലല്ലെങ്കിലും ചതഞ്ഞരഞ്ഞ മസിലുകള്‍ക്ക് കൂടുതല്‍ ചികിത്സ അനിവാര്യമാണ്. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും സന്ധ്യയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും തുടര്‍ചികിത്സയെക്കുറിച്ചും മമ്മൂട്ടി രാജഗിരി ആശുപത്രി അധികൃതരുമായി വിശദമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha
























