ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് SIT

ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. നാളെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. കൂടാതെ പോറ്റിയുടെ കസ്റ്റഡി നീട്ടി ചോദിക്കാനും പ്രത്യേക അന്വേഷണസംഘം ശ്രമിച്ചേക്കും. കസ്റ്റഡി കാലാവധി തീരും മുൻപ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ഐടി 29 ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
ദ്വാരപാലകശില്പങ്ങളിലെ പാളികളിലെ സ്വർണം കവർച്ച ചെയ്ത കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബു, സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ പുറത്തേക്കുകൊണ്ടുപോയ കേസിൽ ആറാം പ്രതിയാണ്. മുരാരി ബാബു തട്ടിപ്പിന് പോറ്റിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സ്വര്‍ണപ്പാളികളിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ഉരുക്കിയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ബെള്ളാരിയിൽ നിന്ന് പിടിച്ചെടുത്ത 608 ഗ്രാം സ്വർണം റാന്നി കോടതിയിൽ ഹാജരാക്കി. 100 ഗ്രാമിൻ്റെ 5 സ്വർണക്കട്ടികളും 74 ഗ്രാമിൻ്റെ ഒരു സ്വർണക്കട്ടിയും നാണയങ്ങളുമാണ് എത്തിച്ചത്. തൂക്കം നോക്കിയ ശേഷം ഇവ കസ്റ്റഡിയിൽ സൂക്ഷിക്കാൻ എടുത്തു. ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം ബെള്ളാരിയിലെ ഗോവർദ്ധന് വിറ്റു എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. അങ്ങനെയാണ് കഴിഞ്ഞദിവസം സ്വർണം പിടിച്ചെടുത്തത്.
ദ്വാരപാലക ശില്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണമാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണപ്രകാരം, 2019-ൽ ഇലക്ട്രോപ്ലേറ്റിങ്ങിനായി ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണം പൂശിയ തകിടുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ (ടിഡിബി) നിന്ന് പോറ്റിക്ക് ലഭിച്ചിരുന്നു. എന്നാൽ, ഇത് അനുമതിയില്ലാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും എത്തിച്ചതായാണ് ആരോപണം. ദ്വാരപാലക തകിടുകളിൽ നിന്നും ശ്രീകോവിൽ വാതിൽക്കല്ലിൽ നിന്നും സ്വർണം കാണാതായ രണ്ട് കേസുകളിലെയും മുഖ്യപ്രതിയാണ് പോറ്റി.
കേസിലെ പ്രധാന ഇടനിലക്കാരനായ കൽപേഷിനെ കണ്ടെത്തിയിരുന്നു. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയിൽ ഗോവര്‍ധന് എത്തിച്ചു നൽകിയെന്നു കൽപേഷ് വെളിപ്പെടുത്തി. 31 വയസ്സുകാരനായ കൽപേഷ് രാജസ്ഥാൻ സ്വദേശിയാണ്. 13 വർഷമായി ചെന്നൈയിലെ സ്വർണക്കടയിൽ ജോലി ചെയ്തുവരികയാണ്.
ജെയിൻ എന്നയാളാണ് കൽപേഷ് ജോലി ചെയ്യുന്ന സ്വര്‍ണക്കടയുടെ ഉടമ. ഉടമയുടെ നിര്‍ദേശം അനുസരിച്ച് താൻ പല സ്ഥലങ്ങളിൽ നിന്ന് സ്വര്‍ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളിൽ എത്തിക്കാറുണ്ടെന്ന് കൽപേഷ് പറയുന്നു. സ്വർണ്ണക്കൊള്ളയിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയില്ലെന്നാണു കല്‍പേഷ് പറയുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തന്നെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും കൽപേഷ് പറയുന്നു.
ഇതിനിടെ ശബരിമല സ്വർണ കവർച്ചയിൽ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് എസ്ഐടി. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നൽകാനാകില്ലെന്നും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും എസ്ഐടി മുന്നറിയിപ്പ് നൽകി.
മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരിയെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ കേസിലെ ഗൂഢാലോചന അടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി 30ന് തീരും.
https://www.facebook.com/Malayalivartha























