ഛത്തീസ്ഗഡില്‍ മുങ്ങിമരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മൃതദേഹത്തോട് അനാദരവ്

ഹരിപ്പാട് ഛത്തീസ്ഗഡില്‍ മുങ്ങിമരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മൃതദേഹത്തോട് അനാദരവു കാട്ടിയതില്‍ പ്രതിഷേധിച്ചു മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം ഇന്നു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്നും രാവിലെ എട്ടിനു സ്ഥലത്തെത്താമെന്നും കലക്ടര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നു പൊലീസിന്റെ ചുമതലയില്‍ മൃതദേഹം സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ 24 നു രാവിലെ മുങ്ങിമരിച്ച അനിലിന്റെ (33) മൃതദേഹത്തോട് അനാദരവു കാട്ടിയതാണു നാട്ടുകാരെയും ബന്ധുക്കളെയും പ്രകോപിതരാക്കിയത്. ദേശീയപതാക പൊതിഞ്ഞ പെട്ടിയില്‍ എത്തിച്ച മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ദേഹത്തു വസ്ത്രങ്ങള്‍ ഒന്നുമില്ലായിരുന്നു.
കറുത്ത പ്ലാസ്റ്റിക് ഷീറ്റിലും അതിനു മുകളില്‍ മറ്റൊരു തുണികൊണ്ടും പൊതിഞ്ഞ നിലയിലായിരുന്നു. പെട്ടിയില്‍ ഒട്ടേറെ പാറ്റാഗുളികകളും കാണപ്പെട്ടു. മൃതദേഹം എംബാം ചെയ്തിരുന്നില്ല. ഫ്രീസറില്‍ സൂക്ഷിക്കാതിരുന്നതിനാലാണു കൂടുതല്‍ അഴുകിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. 24 നു രാവിലെ ഹോളി ആഘോഷത്തിനു ശേഷം ഛത്തീസ്ഗഡിലെ സിആര്‍പിഎഫ് ക്യാംപില്‍ ടാങ്കില്‍നിന്നു വെള്ളമെടുത്തു ദേഹം കഴുകുമ്പോള്‍ ചെറിയ തോതില്‍ ഹൃദ്രോഗമുള്ള അനില്‍ ടാങ്കില്‍ തലയടിച്ചു വീഴുകയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ശേഷം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപില്‍ കൊണ്ടുവന്നു. അവിടെനിന്നുള്ള വാഹനത്തിലാണു മൃതദേഹമടങ്ങിയ പെട്ടി കൊണ്ടുവന്നത്.
വാഹനം കരീലക്കുളങ്ങര പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. വൈകിട്ട് ആറു മണിയോടെ മാധവ ജംക്ഷനിലെ സ്വകാര്യ മോര്‍ച്ചറിയില്‍ എത്തിച്ചു പെട്ടിതുറന്നപ്പോഴാണു മൃതദേഹത്തോടു കാട്ടിയ അനാദരവും അവഗണനയും ബന്ധുക്കള്‍ക്കു ബോധ്യമായത്. ഇതോടെ കൂടുതല്‍ ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങില്ലെന്നു വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു കലക്ടറുമായി ചര്‍ച്ച നടന്നത്. രാത്രി എട്ടരയോടെയാണു മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയത്. ഛത്തീസ്ഗഡില്‍നിന്ന് ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മാത്രമാണു മൃതദേഹത്തോടൊപ്പം തിരുവനന്തപുരം വരെ വന്നത്. ഈ ഉദ്യോഗസ്ഥന്‍ അനില്‍ ജോലി ചെയ്യുന്ന ക്യാംപിനു 40 കിലോമീറ്റര്‍ അകലെയുളള ക്യാംപില്‍ ജോലി ചെയ്യുന്നതാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. അനിലിന്റെ സംസ്‌കാര സമയം തീരുമാനിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha