ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തളളി...മഞ്ചേരിയിലെ വനിതാ ജയിലിൽ റിമാൻഡിൽ തുടരും

യുവാവ് ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷ കോടതി തളളി. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക് (41) ജീവനൊടുക്കിയത് ഷിംജിത സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നൽകിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നിഷേധിച്ചതോടെ ഷിംജിത മഞ്ചേരിയിലെ വനിതാ ജയിലിൽ റിമാൻഡിൽ തുടരും.
ജാമ്യാപേക്ഷയിൽ ശനിയാഴ്ച കോടതി വിശദമായ വാദം കേട്ടിരുന്നു. ഷിംജിത നിരപരാധിയാണെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ ബോധപൂർവമാണ് ഷിംജിത ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് വാദിഭാഗം അഭിഭാഷകൻ വാദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചു. സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്കു കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടുന്നതിനാണ് പ്രതി കുറ്റം ചെയ്തതെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചത്.
അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വിഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രതി പകർത്തിയ വിഡിയോ പോസ്റ്റ് ചെയ്തതാണ് ദീപക്കിന്റെ മരണത്തിന് കാരണമായത്. ജാമ്യം ലഭിച്ചാൽ പ്രതി ഇനിയും സമാനമായ കുറ്റകൃത്യം നടത്താനിടയുണ്ട്. മറ്റുള്ളവരും ഇത്തരത്തിൽ പ്രവൃത്തികൾ ചെയ്യുമെന്നും ജാമ്യം നൽകുന്നത് അവർക്ക് പ്രേരണയാകുമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















