മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍

അവസാനം ട്രംപിന്‍റെ മനസ് മാറി. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ വാഷിംഗ്ടണിലെത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തു. കരാർ പ്രകാരം ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18% ആയി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന്റെ ഭാഗമാണിത്. ഇന്ത്യ അമേരിക്ക ബന്ധം ഊർജ്ജിതപ്പെടുത്താനുള്ള നടപടികൾ മുന്നോട്ട് കൊണ്ടു പോകുമെന്ന് ഇരുനേതാക്കളും വിശദമാക്കി. വാഷിംഗ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റുമായും എസ് ജയശങ്കർ ചർച്ചകൾ നടത്തി. ഇന്ത്യ യുഎസ് വ്യാപാര കരാറും, സാമ്പത്തിക സഹകരണവുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ ചർച്ചയെത്തുടർന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ വാഷിംഗ്ടൺ സമ്മതിച്ചിട്ടുണ്ട്. ഇത് ഉടനടി പ്രാബല്യത്തിൽ വരും. പ്രഖ്യാപനത്തിന് പിന്നാലെ, ജയശങ്കർ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു. ഈ കരാർ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്നും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇന്ത്യയുടെ പ്രധാന സംരംഭമായ 'മേക്ക് ഇൻ ഇന്ത്യ'യെ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രിപറഞ്ഞു.
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് രണ്ടാമതും തിരഞ്ഞെടുത്തപ്പോൾ ഇന്ത്യ–യുഎസ് ബന്ധം കൂടുതൽ ഉയരങ്ങളിൽ എത്തുമെന്നു പ്രതീക്ഷിച്ചവർ ഏറെയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും തമ്മിലുള്ള ഊഷ്മള ബന്ധമായിരുന്നു ഇതിന് അടിസ്ഥാനം. എന്നാൽ നിരാശപ്പെടുത്തുന്ന തീരുമാനങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിൽ സംഭവിച്ചത്.
∙ പകരച്ചുങ്കം ആയുധമാക്കി
പകരച്ചുങ്ക പദ്ധതിയുമായി ട്രംപ് ലോകരാജ്യങ്ങളുടെ മേൽ നിയന്ത്രണം കയ്യാളാനെത്തിയപ്പോൾ ഇന്ത്യ കൃത്യമായി അകലം പാലിച്ചു. 2025 ഏപ്രിലിൽ ആരംഭിച്ച ഇന്ത്യ–യുഎസ് വ്യാപാരക്കരാർ ചർച്ചകളിലും ഇതു പ്രതിഫലിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക് എത്തുമ്പോൾ ഇതായിരുന്നു കഴിഞ്ഞ 7 മാസങ്ങളിലെ പ്രധാന സംഭവങ്ങൾ.
2025 ഏപ്രിൽ ∙ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സന്ദർശനത്തിനായി ഇന്ത്യയിൽ. ഇരു രാജ്യങ്ങളും വ്യാപാര കരാറിന്റെ അന്തിമരൂപം തയാറാക്കി. ജൂലൈ ആദ്യ വാരത്തോടെ കരാർ ഒപ്പിടാൻ ഇന്ത്യ സന്നദ്ധത അറിയിക്കുന്നു.
2025 മേയ് ∙ കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ അമേരിക്ക സന്ദർശിച്ചു. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നു. ഇരുപക്ഷവും കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന.
2025 ജൂൺ ∙ ഇന്ത്യ–യുഎസ് വ്യാപാരക്കരാർ വലിയ കരാറാണെന്ന് ഡോണൾഡ് ട്രംപിന്റെ വിശേഷണം. അതേസമയം യുഎസ് കാർഷിക ഇറക്കുമതിയിൽ ഇന്ത്യ മുഖം തിരിച്ചു. ചർച്ചകൾ സ്തംഭിച്ചു. ജൂൺ 20 ന്, വാഷിങ്ടൻ സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം പ്രധാനമന്ത്രി മോദി നിരസിച്ചു. പിന്നാലെ പാക്കിസ്ഥാനുമായി കൂടുതൽ അടുത്ത് യുഎസിന്റെ സമ്മർദം.
2025 ജൂലൈ ∙ കരാർ യാഥാർഥ്യമാകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ച ജൂലൈയിലും കാര്യമായ പുരോഗതിയുണ്ടായില്ല. ചർച്ചയ്ക്കുപോയ ഇന്ത്യൻ പ്രതിനിധി സംഘം യുഎസിൽനിന്ന് തിരിച്ചെത്തി. പിന്നാലെ എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും 25% തീരുവ പുനഃസ്ഥാപിച്ച് യുഎസ്. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങിയാൽ പിഴ ചുമത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്.
2025 ഓഗസ്റ്റ് ∙ റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേൽ പിഴ തീരുവ ചുമത്തി. ആകെ തീരുവ 50 ശതമാനമായി ഉയർന്നു. ആറാം റൗണ്ട് ഉഭയകക്ഷി വ്യാപാര ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിലെത്താൻ തീരുമാനിച്ചെങ്കിലും സന്ദർശനം റദ്ദാക്കി.
2025 സെപ്റ്റംബർ ∙ യുഎസും-ഇന്ത്യയും അടുത്ത സുഹൃത്തുക്കളാണെന്ന് ട്രംപ്. ഇന്ത്യ–യുഎസ് വ്യാപാരക്കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
2025 ഒക്ടോബർ ∙ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് മോദി ഉറപ്പ് നൽകിയതായി ട്രംപിന്റെ അവകാശവാദം. വാദം നിഷേധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
2025 നവംബർ ∙ ഇന്ത്യ–യുഎസ് വ്യാപാരക്കരാർ ചർച്ചകളിൽ തീരുമാനമില്ല.
2025 ഡിസംബർ ∙ ട്രംപിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി.
2026 ജനുവരി ∙ പുതിയ ഇന്ത്യൻ സ്ഥാനപതി സെർജിയോ ഗോർ ചുമതലയേറ്റു. ഇരു രാജ്യങ്ങളും ഇന്ത്യ–യുഎസ് വ്യാപാരക്കരാറിനായി ചർച്ചകൾ നടത്തുന്നതായി പ്രഖ്യാപനം.
2026 ഫെബ്രുവരി ∙ ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 50% ൽ നിന്ന് 18% ആയി കുറച്ചുകൊണ്ട് ട്രംപിന്റെ പ്രഖ്യാപനം. കരാർ യാഥാർഥ്യമായെന്ന് യുഎസ്– ഇന്ത്യ ഭരണകൂടങ്ങളുടെ സ്ഥിരീകരണം.
അതേ സമയം, ഇന്ത്യ – യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായെന്ന് ഇരുരാജ്യങ്ങളും സ്ഥിരീകരിക്കുമ്പോൾ ആർക്കാണ് കൂടുതൽ നേട്ടം എന്ന ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. 2025 മാർച്ചിൽ ആരംഭിച്ച വ്യാപാര കരാറിന്റെ ചർച്ചകളാണ് യുഎസിൽനിന്നുള്ള അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ യാഥാർഥ്യത്തിലേക്ക് എത്തിയത്. ഒരുവേള ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കല്ലുകടിയായി വ്യാപാര കരാർ മാറിയിരുന്നു. പക്ഷേ മാസങ്ങൾ താമസിച്ചെങ്കിലും വ്യാപാര കരാറിലൂടെ കുറഞ്ഞ തീരുവ സ്വന്തമാക്കാൻ ഇന്ത്യയ്ക്കായി.
ഇന്ത്യയ്ക്കു ചുമത്തിയ പകരംതീരുവ 18 ശതമാനമാക്കി കുറച്ചതായി ഇന്നലെ രാത്രി ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചതോടെ അയൽരാജ്യങ്ങളിൽ വച്ചു മികച്ച നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതു രാജ്യത്തിന്റെ കയറ്റുമതിക്കു മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഇന്ത്യയ്ക്കാണ് കുറഞ്ഞ തീരുവ യുഎസ് ചുമത്തിയിട്ടുള്ളതെന്നത് വ്യക്തമാണ്.
ഇന്ത്യയ്ക്ക് പകരംതീരുവ 18 ശതമാനമാക്കി കുറച്ചപ്പോൾ അയൽരാജ്യമായ മ്യാൻമർ (40), ചൈന (37), ബംഗ്ലദേശ് (20 ), പാക്കിസ്ഥാൻ (19) എന്നിങ്ങനെയാണ്. ചൈനയ്ക്കും ബംഗ്ലദേശിനും ഉയർന്ന തീരുവയുള്ളത് ഇന്ത്യയുടെ റെഡിമെയ്‌ഡ് വസ്ത്ര കയറ്റുമതിക്ക് സഹായകരമാവും. കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വിയറ്റ്നാമിനുള്ള തീരുവയും ഇന്ത്യയേക്കാളും മുകളിലാണ് (20 ശതമാനം).
അതേസമയം യുഎസ് കൂടുതൽ തീരുവ ചുമത്തുന്ന മറ്റു രാജ്യങ്ങളിൽ ബ്രസീലാണ് (50) ഒന്നാമത്. ലാവോസ് (40), ദക്ഷിണാഫ്രിക്ക (30) എന്നീ രാജ്യങ്ങൾക്കുമേലും ഉയർന്ന തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി ഇന്ത്യയെക്കാളും തീരുവ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളാണുള്ളത്. യൂറോപ്യൻ യൂണിയൻ (15 ശതമാനം), സ്വിറ്റ്‌സർലൻഡ് (15 ശതമാനം) എന്നിവയാണവ. ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാൻ (15 ശതമാനം), ദക്ഷിണ കൊറിയ (15 ശതമാനം) എന്നീ രാജ്യങ്ങൾക്കും തീരുവ ഇന്ത്യയേക്കാളും കുറവാണ്.
അതേസമയം അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടി വെച്ചിട്ട് അമേരിക്ക. അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കന് നേരെ എത്തിയ ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് വിശദീകരണം. അതേസമയം നിരീക്ഷണ ഡ്രോൺ നൽകിയ വിവരങ്ങൾ സുരക്ഷിതം എന്നാണ് ഇറാനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച എബ്രഹാം ലിങ്കന് നേരെ ആക്രമണാത്മകമായി സമീപിച്ചതോടെയാണ് ഡ്രോൺ തകർത്തത്. എബ്രഹാം ലിങ്കണിൽ നിന്ന് പറന്നുയർന്ന എഫ്-35സി സ്റ്റെൽത്ത് യുദ്ധവിമാനമാണ് ഡ്രോൺ വെടിവച്ചിട്ടത്. വിമാനവാഹിനിക്കപ്പലിന്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധം എന്ന നിലയിൽ ആണ് നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. ഡ്രോൺ അടുത്തു വരുമ്പോൾ കപ്പൽ ഇറാനിയൻ തീരത്ത് നിന്ന് ഏകദേശം 500 മൈൽ അകലെയായിരുന്നു.
ഡ്രോൺ എന്തിനാണ് കപ്പലിനെ സമീപിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ക്യാപ്റ്റൻ ടിം ഹോക്കിൻസ് കൂട്ടിച്ചേർത്തു. ഈ സംഭവത്തിൽ അമേരിക്കൻ സൈനികർക്ക് ആർക്കും പരിക്കേൽക്കുകയോ ഉപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനിടയിലാണ് ഈ സംഭവം.
ആണവ ചർച്ചയിൽ. അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന നിലപാട് ഖമനേയിയുടെ മുഖ്യ ഉപദേഷ്ടാവാണ് വിശദമാക്കിയിരുന്നു. ആണവ ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആണവ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് ഇറാൻ പരമോന്നത നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇറാന്റെ ഡ്രോൺ അമേരിക്ക തകർത്തത്.
അതേസമയം കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും ഒരു കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയായി കരുതപ്പെട്ടിരുന്നയാളുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 53കാരനായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി ചൊവ്വാഴ്ചയാണ് കൊലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തതയില്ലെന്നും സിൻറ്റാൻ നഗരത്തിലെ വീട്ടിൽ വച്ചാണ് കൊലപാതകമെന്നുമാണ് സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിയുടെ അഭിഭാഷകൻ വിശദമാക്കുന്നത്. നാലംഗ കമാൻഡോകളാണ് ആക്രമിച്ചതെന്നും അഭിഭാഷകൻ കൂട്ടിച്ചേർക്കുന്നത്.
അൾജീരിയുടെ അതിർത്തിയിലാണ് സിൻറ്റാൻ നഗരം. മുഅമ്മർ ഗദ്ദാഫിക്ക് ശേഷം ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുള്ള വ്യക്തിയുമായാണ് സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിയെ വിലയിരുത്തിയിരുന്നത്. 1969 മുതൽ 40 വർഷത്തോളം ലിബിയയെ ഭരിച്ച മുഅമ്മർ ഗദ്ദാഫി 2011ലാണ് കൊല്ലപ്പെട്ടത്. പിതാവിന്റെ മരണത്തിന് പിന്നാലെ സെയ്ഫ് അൽ ഇസ്ലാം ഏറെക്കാലം ഒളിവിൽ കഴിയുകയായിരുന്നു. 2011 നവംബറിൽ സഹാറ മരുഭൂമിയിൽ വെച്ച് പിടിക്കപ്പെട്ട അദ്ദേഹം വർഷങ്ങളോളം സായുധ സംഘങ്ങളുടെ തടവിലായിരുന്നു. പിന്നീട് മോചിതനായ അദ്ദേഹം, 2021-ൽ ലിബിയയിൽ നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചിരുന്നു.
മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിക്കെതിരെ വർഷങ്ങൾക്ക് മുൻപേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2011-ലെ പ്രക്ഷോഭകാലത്ത് പ്രതിഷേധക്കാർക്കെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. ഗദ്ദാഫി കുടുംബത്തിന്റെ രാഷ്ട്രീയ അധികാരം തിരിച്ചുപിടിക്കാനുള്ള സെയ്ഫിന്റെ ശ്രമങ്ങൾക്കിടയിലാണ് ഈ മരണം സംഭവിച്ചിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
തുർക്കിയിൽ നടക്കുന്ന ഇറാൻ–യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ. ഫെബ്രുവരി ആറിന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി അറിയിച്ചു. പാക്കിസ്ഥാനു പുറമെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുമെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, യുഎസിനോടുള്ള വിശ്വാസം ഇറാന് നഷ്ടമായെങ്കിലും ആണവ വിഷയത്തിൽ കരാറിലെത്താനുള്ള സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ‘ആണവ നിരായുധീകരണം ഉറപ്പാക്കാൻ നീതിയുക്തമായ കരാറിനായി എത്തുക എന്ന ട്രംപിന്റെ വാക്കുകളാണ് ചർച്ചയ്ക്കെത്തുന്ന യുഎസ് സംഘം പിന്തുടരുന്നതെങ്കിൽ മറ്റൊരു ചർച്ചയ്ക്കുള്ള സാധ്യത ഞാൻ കാണുന്നുണ്ട്’–അറഗ്ചി സിഎൻഎന്നിനോടു പറഞ്ഞു. ആണവായുധം വേണ്ടെന്നാണ് ട്രംപ് പറയുന്നത്. അതിനോട് ഞങ്ങൾ പൂർണമായി യോജിക്കുന്നു. അത് മികച്ചൊരു കരാറാകും. പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിക്കണമെന്നും അറഗ്ചി കൂട്ടിച്ചേർത്തു.
എന്നാൽ, സമ്പുഷ്ടീകരിച്ച യുറേനിയം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉന്നത രാഷ്ട്രീയ ഉപദേശകൻ അലി ഷംഖാനി വ്യക്തമാക്കി. ഇറാനിലെ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം രാജ്യത്തുനിന്ന് മാറ്റണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലുൾപ്പെടെ വെള്ളിയാഴ്ച ചർച്ച നടക്കാനിരിക്കെയാണ് ഷംഖാനിയുടെ പ്രതികരണം. അങ്ങനെയൊരു നീക്കമുണ്ടായാൽ അതിനു തക്ക പ്രതിഫലമോ ഇളവോ പകരം നൽകേണ്ടി വരുമെന്നും ഷംഖാനി പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാരക്കരാറിലെ വിശദാംശങ്ങൾ ക്രോഡീകരിക്കുന്നത് തുടരുകയാണെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന നികുതി 13.5 ശതമാനത്തിൽനിന്ന് പൂജ്യമാക്കി കുറയ്ക്കുകയും തീരുവ ഇല്ലാതാക്കുകയും ചെയ്യുമെങ്കിലും ചില കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി സംരക്ഷണം ഇന്ത്യ തുടരുമെന്നും ഗ്രീർ ചൊവ്വാഴ്ച പറഞ്ഞു.
ഇന്ത്യയുടെ കാർഷിക മേഖലയിലെ ചില സംരക്ഷിത മേഖലകളിൽ പ്രവേശനം ലഭിക്കാൻ ശ്രമിക്കുന്നത് യുഎസ് തുടരുമെന്നും എന്നാൽ നട്സ്, വൈൻ, സ്പിരിറ്റ്, പഴം, പച്ചക്കറി എന്നിവയ്ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ പൂജ്യമാകാൻ പോകുകയാണെന്നും ഗ്രീർ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, അരി, ബീഫ്, സോയബീൻ, പഞ്ചസാര, പാലുൽപന്നങ്ങൾ എന്നിവയെക്കുറിച്ച് ഗ്രീർ പരാമർശിച്ചില്ല. യൂറോപ്യൻ യൂണിയനുമായി അടുത്തിടെ ഒപ്പുവച്ച വ്യാപാരക്കരാറിൽനിന്നും ഈ ഉൽപന്നങ്ങളെ ഇന്ത്യ ഒഴിവാക്കിയിരുന്നു. ഭൂരിഭാഗം ഇന്ത്യൻ ഉൽപന്നങ്ങൾക്കുമുള്ള തീരുവ യുഎസ് 50 ശതമാനത്തിൽനിന്ന് 18 ആക്കി കുറയ്ക്കുമെന്നതും ഗ്രീർ സ്ഥിരീകരിച്ചിട്ടുണ്ട്.
"https://www.facebook.com/Malayalivartha
























