മാളിയേക്കല്‍ ജോസഫ് പോളിന്റെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: ഒത്തുതീര്‍പ്പിനായി സമീപിച്ച ആരോഗ്യ വകുപ്പ് സംഘത്തില്‍ നിന്നും നേരിട്ട ദുരനുഭവം

ഓട്ടോ ഡ്രൈവറായ കൂര്‍ക്കഞ്ചേരി മാളിയേക്കല്‍ ജോസഫ് പോള്‍ മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നറിയാതെ ഹിയറിങ്ങിനു ഹാജരാകാന്‍ ആരോഗ്യ വകുപ്പ് നോട്ടിസ് നല്‍കിയ സംഭവത്തിനു പിന്നാലെ രോഗിയും കുടുംബവും നേരിട്ട ക്രൂര അനുഭവങ്ങളുടെ വേദന പങ്കുവച്ചു ഭാര്യ ബിന്ദു. ശസ്ത്രക്രിയയ്ക്കിടെ ഭര്‍ത്താവ് ജോസഫ് പോളിന്റെ വയറ്റില്‍ കത്രിക മറന്നുവച്ചതിന്റെ പേരില്‍ കോടതിയെ സമീപിച്ചതിനു പിന്നാലെ ഒത്തുതീര്‍പ്പിനായി സമീപിച്ച ആരോഗ്യ വകുപ്പ് സംഘത്തിലെ ഡോക്ടര്‍ പരുഷമായി പെരുമാറിയത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നു ബിന്ദു പറയുന്നു.
ജോസഫിനു കാന്‍സറാണെന്ന സൂചനയുണ്ടായിരുന്നതിനാല്‍ 'ഒന്നരക്കൊല്ലം മാത്രം ജീവിക്കാന്‍ പോകുന്നയാള്‍ക്കു വേണ്ടി എന്തിനു വെറുതെ വാദിച്ചു നടക്കണം' എന്നു ഡോക്ടര്‍ ചോദിച്ചുവത്രെ. അതേസമയം, ജോസഫിന്റെ കുടുംബത്തിനു 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
ഓട്ടോ ഡ്രൈവറായ കൂര്‍ക്കഞ്ചേരി മാളിയേക്കല്‍ ജോസഫ് പോളിന്റെ (53) പേരിലാണു കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പില്‍ നിന്നു ഹിയറിങ്ങിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചത്. ജോസഫ് മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നറിയാതെയായിരുന്നു നോട്ടിസ്. ഹിയറിങ് തീയതി മാറ്റിവച്ചതായി ആരോഗ്യവകുപ്പ് പിന്നീടറിയിച്ചെങ്കിലും സംഭവം വിവാദമായതിനു ശേഷം തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. 5 വര്‍ഷം മുന്‍പു തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയാണു ജോസഫിന്റെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവമുണ്ടായത്
https://www.facebook.com/Malayalivartha

























