വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ

പണിതീരാത്ത വീട്ടിലെ ചുമരിലെ വിഷന്‍ ബോര്‍ഡില്‍ എഴുതിയ ആ കുറിപ്പ് യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ് നരുവാമൂട് സ്വദേശി എസ്. ശ്രീജ. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57ാം റാങ്ക് നേടിയാണ് ഈ മിടുമിടുക്കി നാടിന് അഭിമാനമായത്. കുടുംബം പുലര്‍ത്താന്‍ കൂലിപ്പണിക്ക് പോയിരുന്നഅച്ഛന്‍ ജയകുമാറും അമ്മ ഷീജകുമാരിയും മകളുടെ പഠനത്തിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു. മകളുടെ പഠനത്തിനായി കെട്ടുതാലി വരെ അമ്മ പണയപ്പെടുത്തിയിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തിലാണ് ശ്രീജ 57ാം റാങ്ക് നേടിയത്.
വീട്ടിലെ ചുമരിലെ വിഷന്‍ ബോര്‍ഡില്‍ എഴുതിയ ആഗ്രഹങ്ങളുടെ കുഞ്ഞുപേപ്പറില്‍ ശ്രീജ ഐഎഫ്എസ് എന്ന് കുറിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്) എന്ന് ശ്രീജ പറയുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 2024 മേയ് മുതല്‍ സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട് പഠനം തുടങ്ങിയരുന്നു. മകളുടെ പഠനം മുടങ്ങാതിരിക്കാന്‍ നിര്‍മ്മാണത്തൊഴിലാളിയായ ജയകുമാര്‍ എന്തുജോലിയും ചെയ്തിരുന്നു. കീലോമീറ്ററുകള്‍ അകലെയുള്ള ആറ്റിങ്ങല്‍വരെ സൈക്കിളില്‍ കൂലിപ്പണിക്ക് പോയിട്ടുണ്ട്. മകളുടെ പഠനത്തിനായി ഉണ്ടായിരുന്ന സ്വര്‍ണമൊക്കെ ഷീജകുമാരി പണയംവച്ചു. കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്തു. പലിശയ്ക്കും കടമെടുത്തു. .
മകളുടെ പരിശ്രമം വിജയിക്കുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പായിരുന്നു. അതിനാല്‍ വാശിയോടെ പഠിച്ചു. ഇന്ന് റാങ്ക് പട്ടിക പുറത്തുവന്നപ്പോള്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി.
https://www.facebook.com/Malayalivartha





















