വിസ്മയക്കാഴ്ചകളുമായി... തൃശൂർ ഇന്ന് മുതൽ പൂരം ലഹരിയിൽ.....ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ... രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും

പൂരം ലഹരിയിൽ തൃശൂർ. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. പൂരച്ചമയ പ്രദർശനം ഏപ്രിൽ 24നാണ് നടക്കുക.
26നാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന തൃശ്ശൂർ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും. തൃശൂർ പൂരത്തിന് ആദ്യം കൊടിയേറുക ഘടകപൂരമായ ലാലൂർ കാർത്ത്യായനി ക്ഷേത്രത്തിലാണ്. ഇന്ന് രാവിലെ താന്ത്രിക ചടങ്ങുകൾക്ക് ശേഷം എട്ടരയോടെ ലാലൂരിൽ കൊടിയേറും. യാഗം നടന്ന ഊര് എന്നർഥമുള്ള യാഗൂർ ലോപിച്ചാണ് ലാലൂർ ആയതെന്നാണ് പറയപ്പെടുന്നത്.
തൃശൂർ പൂരത്തിന്റെ മറ്റൊരു ഘടകക്ഷേത്രമായ കാരമുക്ക് ഭഗവതിയും ലാലൂർ കാർത്ത്യായനി ഭഗവതിയും സഹോദരിമാരാണെന്നാണ് സങ്കൽപ്പം. പഴക്കമുള്ള കൊത്തുപണികൾ നിറഞ്ഞ ക്ഷേത്രമാണ് ലാലൂർ കാർത്ത്യായനി ക്ഷേത്രം. പരശുരാമനാണ് ക്ഷേത്രം പണികഴിപ്പിച്ചതത്രെ. നൂറ്റെട്ടു ദുർഗാലയങ്ങളിൽ ലാലൂർ ക്ഷേത്രവും ഉൾപ്പെടുന്നു. ദേവി ഇവിടെ ബാലഭാവത്തിലാണ് കുടികൊള്ളുന്നത്. അതിനാൽ വെടിക്കെട്ടോ കടുംനിറത്തിലുള്ള വസ്ത്രങ്ങളോ ക്ഷേത്രത്തിൽ പതിവില്ല. ഇവിടെ ഉപപ്രതിഷ്ഠകളുമില്ല. എട്ടരയടി ഉയരമുള്ള ബലിക്കല്ല് ആണ് മറ്റൊരു സവിശേഷത. പൂരദിവസം രാവിലെ ആറുമണിക്ക് ലാലൂർ കാർത്ത്യായനി മൂന്നാനപ്പുറത്ത് പൂരത്തിന് പുറപ്പെടും. പഞ്ചവാദ്യം അകമ്പടി സേവിക്കും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചാകും. നടുവിലാലിൽ വെച്ച് ആനകളുടെ എണ്ണം ഒമ്പതായി വർദ്ധിക്കും. ഇവിടെ നിന്നും മേളം തുടങ്ങും.
വടക്കുന്നാഥ സന്നിധിയിൽ കൊട്ടിക്കലാശിച്ച് വണങ്ങി മടങ്ങും. നേരേ ലാലൂരിലേക്കു തന്നെയാണ് മടങ്ങുക. എവിടേയും ഇറക്കിപ്പൂജയില്ല. വൈകുന്നേരം ആറുമണിക്ക് ദേവി വീണ്ടും വടക്കുന്നാഥനെ വണങ്ങാൻ പുറപ്പെടും. പകൽ നടന്ന ചടങ്ങുകൾ ആവർത്തിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























