എല്ലാം കൊണ്ടും മേളം... സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച് എംഎൽഎ; എംഎൽഎയെ തിരുത്തി ഗവർണർ

സ്ഥലം അറിഞ്ഞ് പെരുമാറാത്ത എംഎൽഎ നാണം കെട്ടു. സ്ഥലം തമിഴ്നാട്. ഗവർണർ നമ്മുടെ രാജേന്ദ്ര ആർലേക്കർ. തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് എംഎൽഎയെ തിരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. കന്യാകുമാരിയിലെ കുന്നത്തൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എസ്.രാജേഷ് കുമാറാണ് സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ ‘ജനങ്ങളുടെ നേതാവ് കാമരാജ് വാഴ്ക, രാജീവ് ഗാന്ധി വാഴ്ക, രാഹുൽ ഗാന്ധി വാഴ്ക’ എന്നു പറഞ്ഞത്. നിങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇങ്ങനൊന്നില്ലെന്നായിരുന്നു പുഞ്ചിരിയോടെ ഗവർണർ പറഞ്ഞത്. അതോടെ എംഎൽഎ പത്തി താഴ്ത്തി നടന്നുനീങ്ങി. വിജയ് മന്ത്രിസഭയിലെ കോൺഗ്രസിൽ നിന്നുള്ള രണ്ട് മന്ത്രിമാരിൽ ഒരാളാണ് രാജേഷ് കുമാർ. പി.വിശ്വനാഥൻ ആണ് രണ്ടാമത്തെയാൾ. അഞ്ചുപതിറ്റാണ്ടിനുശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിനു മന്ത്രിമാരുണ്ടാകുന്നത്.
ടിവികെയിൽനിന്ന് 21 പേരും മന്ത്രിമാരായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ശ്രീനാഥ്, എസ്. കാമാലി, സി. വിജയലക്ഷ്മി, ആർ.വി. രഞ്ജിത്കുമാർ, വിനോദ്, രാജീവ്, ബി. രാജ്കുമാർ, വി. ഗാന്ധിരാജ്, പി. മഥൻരാജ, കെ. ജഗദീശ്വരി, എം. വിജയ് ബാലാജി, ലോകേഷ് തമിഴ്‌സെൽവൻ, എ. വിജയ്തമിഴൻ പാർഥിപൻ, രമേശ്, ആർ. കുമാർ, കെ. തെന്നരശ്, വി. സമ്പത്ത് കുമാർ, ജെ. മുഹമ്മദ് ഫർവാസ്, ഡി. ശരത്കുമാർ, എൻ. മേരി വിൽസൺ, കെ. വിഘ്‌നേഷ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത ടിവികെ മന്ത്രിമാർ.
തമിഴ്നാട്ടിൽ ടിവികെയ്ക്കൊപ്പം ചേർന്ന് മുസ്‍ലിം ലീഗും വിസികെയും. സഖ്യസർക്കാരിന്റെ ഭാഗമായിരിക്കുമെന്ന് വിസികെ നേതാവ് തോൾ തിരുമാവളവൻ പറഞ്ഞു. പാർട്ടി എംഎൽഎ വണ്ണി അരുസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിന്റെ സംസ്ഥാന സെക്രട്ടറി എ.എം.ഷാജഹാനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആദ്യമായാണു ലീഗിനു തമിഴ്നാട്ടിൽ മന്ത്രിയെ ലഭിക്കുന്നത്. ഇവരുടെ സത്യപ്രതിജ്ഞാ തീയതി അറിയിച്ചിട്ടില്ല.
അതേസമയം കേരള സത്യപ്രതിജ്ഞയിൽ മേനോൻ വീണ്ടുമെത്തി. എംഎൽഎ ആയുള്ള സത്യപ്രതിജ്ഞയിലും പേരിനൊപ്പം പിതാവിന്റെ പേരായ ‘ദാമോദര മേനോൻ’ ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ‘വടശേരി ദാമോദര മേനോൻ സതീശൻ’ എന്നു പറഞ്ഞത് വിവാദമായിരുന്നു. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് എംഎൽഎ ആയുള്ള സത്യപ്രതിജ്ഞയിലും പിതാവിന്റെ പേര് കൂടി ചേർത്ത് സതീശൻ സത്യപ്രതിജ്ഞ ചെയ്തത്.
പ്രോടെം സ്പീക്കർ ജി.സുധാകരനു മുന്നിലാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ഇംഗ്ലിഷിലും കന്നഡ ഭാഷയിലും അംഗങ്ങൾ സത്യവാചകം ചൊല്ലി. സിപിഎം വിട്ട് തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ടി.കെ.ഗോവിന്ദൻ സത്യവാചകം ചൊല്ലുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം ചെയ്തപ്പോൾ ഭരണബെഞ്ച് കൈയ്യടിച്ചു. സിപിഎം വിട്ട് പയ്യന്നൂരിൽ മത്സരിച്ചു വിജയിച്ച വി.കുഞ്ഞികൃഷ്ണൻ എംഎൽഎയും സത്യപ്രതിജ്ഞയ്ക്കു ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്താണു മടങ്ങിയത്.
ബിജെപിയുടെ ഭാഗത്തുനിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ചാത്തന്നൂർ എംഎൽഎ ബി.ബി.ഗോപകുമാറാണ്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ എത്തിയത് പിതാവ് ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ടീഷർട്ടും ധരിച്ചാണ്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ് കന്നഡയിലും കോഴിക്കോട് സൗത്ത് എംഎൽഎ ഫൈസൽ ബാബുവും പാലാ എംഎൽഎ മാണി സി.കാപ്പനും ഇംഗ്ലീഷിലുമാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം കെ.എൻ.ബാലഗോപാൽ ഉൾപ്പെടെ ഇടത് എംഎൽഎമാർ സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കർ ജി.സുധാകരനെ അഭിവാദ്യം ചെയ്താണു സീറ്റിലേക്കു മടങ്ങിയത്.
ഇന്നലത്തെ സഭാ സമ്മേളനത്തിൽ സത്യപ്രതിജ്ഞച്ചടങ്ങു മാത്രമാണുണ്ടായിരുന്നത്. ഇന്ന് രാവിലെ 9നു സ്പീക്കർ തിരഞ്ഞെടുപ്പ്. 29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ 1 മുതൽ 3 വരെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൽ ചർച്ച നടക്കും.
സത്യപ്രതിജ്ഞയ്ക്ക് മുൻപ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ അഭിവാദ്യം ചെയ്തു. പിണറായി വിജയനടുത്തെത്തി ഹസ്തദാനം നൽകിയ ശേഷമാണ് ടി.കെ.ഗോവിന്ദൻ സത്യപ്രതിഞ്ജ ചെയ്തത്. സഗൗരവമായിരുന്നു ടി.കെ.ഗോവിന്ദന്റെ സത്യപ്രതിജ്ഞ. പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും ഗോവിന്ദൻ അഭിവാദ്യം ചെയ്തതു. നേരത്തെ, തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തിയതും ചർച്ചയായിരുന്നു. ഭാര്യയുമായി എത്തിയ ടി.കെ.ഗോവിന്ദൻ കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. കൂടാതെ കോടിയേരിയുടെ വീട്ടിലെ ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു. ആദ്യമായാണ് പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ടി.കെ.ഗോവിന്ദൻ പാർട്ടിയുമായി ഇടഞ്ഞത്. 60 വർഷക്കാലം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ മത്സരത്തിനിറങ്ങിയത് സിപിഎം അണികളിലും നേതാക്കളിലും ഞെട്ടലുണ്ടാക്കി.
പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും തളിപ്പറമ്പിൽ അരങ്ങേറി. ടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കുകയും ബാനറുകൾ എടുത്തുകൊണ്ടുപോകുകയും ചെയ്തു. പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെ ഒരു സംഘം ആളുകൾ കൂവി വിളിക്കുന്ന സാഹചര്യവുമുണ്ടായി. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ. ഗോവിന്ദനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു. പിണറായി വിജയനും പാർട്ടിക്കുമെതിരെ ടി.കെ.ഗോവിന്ദനും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം നിയമസഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തവരുടെ ഇടയിൽ കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് ഭാഷാ വൈവിധ്യത്തെ ഉയർത്തിപ്പിടിച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ്. ‘എ.കെ.എം. അഷ്റഫ് എന്ത നാനു’ എന്നാണ്ലി തുടക്കം പി ഇല്ലാത്ത ബ്യാരിയാണ് അഷ്റഫിന്റെ മാതൃഭാഷ. സ്കൂൾ പഠനം കന്നഡയിലായിരുന്നു. അതിനാൽ മലയാളത്തേക്കാൾ നന്നായി കന്നഡയാണ് എഴുത്തും വായനയും അഷ്റഫിന് വഴങ്ങുന്നത്. മാത്രമല്ല അഷ്റഫിന്റെ വോട്ടർമാരിൽ നല്ലൊരു ശതമാനവും കന്നഡ സംസാരിക്കുന്നവരാണ്.
അഷ്റഫിന്റെ വാഹനത്തിൽ ഇംഗ്ലിഷിലും മലയാളത്തിലും കന്നഡയിലും എംഎൽഎ എന്ന ബോർഡ് വച്ചിട്ടുണ്ട്. 2021ൽ ആദ്യമായി എംഎൽഎ ആയപ്പോഴും അഷ്റഫ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. 2001 മുതൽ 2006 വരെ ബാംബൂ കോർപറേഷൻ ഡയറക്ടറായിരുന്നു. 2010– 2015 വരെ കാസർകോട് ജില്ലാ പഞ്ചായത്ത് മെംബർ, 2015–2020 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള മണ്ഡലമായ സപ്തഭാഷാ സംഗമ ഭൂമിയിൽനിന്ന് 29,252 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എകെഎം അഷ്‌റഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാർഥിയായി നാലാം തവണയും മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രൻ ഇത്തവണയും തോറ്റു. വോർക്കാടി, മീഞ്ച, പൈവളികെ, എൻമകജെ, പുത്തിഗെ, കുമ്പള, മംഗൽപാടി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മഞ്ചേശ്വരം നിയോജക മണ്ഡലം. കന്നഡ, തുളു ഭാഷകൾ സംസാരിക്കുന്ന വലിയ വിഭാഗം വോട്ടർമാരുണ്ട്. 2021 ൽ എകെഎം അഷ്റഫ് 745 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ച് കയറിയത്. എന്നാൽ ഇത്തവണ ഭൂരിപക്ഷത്തിൽ വൻ നേട്ടമാണുണ്ടാക്കിയത്.
അതേ സമയം കാർ വിവാദം വീണ്ടും വന്നു. എന്റെ ബുദ്ധിമുട്ടുകൾ കഴിഞ്ഞു. ഇനിയൊന്നും വരാനില്ല’ - 13ാം നമ്പർ കാർ ചോദിച്ചു വാങ്ങിയതിനെക്കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജിയുടെ മറുപടി ഇതാണ്. 13 എടുത്താൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നൊക്കെ പറയുന്നുണ്ടെങ്കിൽ അത്തരം അന്ധ വിശ്വാസങ്ങളൊന്നും തനിക്കില്ലെന്ന് ഷാജി പറഞ്ഞു. മുമ്പ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മന്ത്രിമാർ പതിമൂന്നാം നമ്പർ ഒഴിവാക്കിയത് സംബന്ധിച്ച് തനിക്കറിയില്ലെന്നും ഷാജി വ്യക്തമാക്കി.
‘13 ഒരു പാവം നമ്പർ. ആർക്കും വേണ്ടായിരുന്നു ആരും എടുക്കാതിരിക്കുകയായിരുന്നോ എന്ന് അറിയില്ല. പക്ഷേ അതങ്ങനെ മോശമാക്കാൻ പാടില്ലല്ലോ. ഞാൻ എടുത്തുകൊള്ളാം എന്നു പറഞ്ഞു. ഒമ്പതാം നമ്പർ കാർ താത്കാലികമായി അനുവദിച്ചതാണ്. ഒമ്പതായാലും 13 ആയാലും ഞാൻ ഹാപ്പിയാണ്. 13 എടുത്താൽ എന്തെങ്കിലും ബുദ്ധിമുട്ടൊക്കെ വരുമെന്നൊക്കെയല്ലേ വിശ്വാസം. എന്റെ ബുദ്ധിമുട്ടൊക്കെ കഴിഞ്ഞു. ഇനിയൊന്നും വരാനില്ല. കുറെ അനുഭവിച്ചു. അന്നെന്റെ കൈയിൽ 13 നമ്പർ ഇല്ലല്ലോ. രണ്ടു തവണ തോറ്റപ്പോഴും 13 ഉണ്ടായിരുന്നില്ല. അത്തരം കാര്യങ്ങളിൽ പൊതുവേ വിശ്വാസം ഇല്ലാത്ത ആളാണ് ഞാൻ. ആ നമ്പറിൽ പോയാലും അല്ലെങ്കിലും അപകടം ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാൽ ചിലർ പറയും 13 എടുത്തിട്ടാണെന്ന്. എനിക്കതിൽ ഒരു കാര്യവും തോന്നുന്നില്ല. വലിയ വിപ്ലവകാരി ആകാനൊന്നുമല്ല ആ നമ്പർ എടുത്തത്’ - ഷാജി പറഞ്ഞു.
അശുഭകരമായ നമ്പറെന്ന പേരിൽ ഇത്തവണ മന്ത്രിമാർ ആരും 13 ആവശ്യപ്പെട്ടിരുന്നില്ല. കഴിഞ്ഞ സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് പതിമൂന്നാം നമ്പർ കാറാണ് ഉപയോഗിച്ചിരുന്നത്. മുൻപ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പതിമൂന്നാം നമ്പർ കാർ ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















