എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ രംഗത്ത്. എബോള രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര അവലോകന യോഗം ചേരുകയുണ്ടായി.
കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ മുഴുവൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സെക്രട്ടറിമാർ പങ്കെടുക്കുകയും ചെയ്തു. എബോള വൈറസ് രോഗവ്യാപനം തടയാനുള്ള തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി. നിലവിൽ ഇന്ത്യയിൽ എബോള വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരെ കർശനമായ സ്ക്രീനിങ്ങിന് വിധേയരാക്കുന്നതാണ്. രോഗലക്ഷണങ്ങൾ ഉള്ളവരെ പാർപ്പിക്കാനായി പ്രത്യേക ക്വാറന്റൈൻ, ഐസൊലേഷൻ സൗകര്യങ്ങൾ സജ്ജമാക്കാനായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൂടാതെ ആശുപത്രികളിൽ പ്രത്യേക വാർഡുകൾ, ലബോറട്ടറി പരിശോധനാ സൗകര്യങ്ങൾ, കൃത്യമായ ചികിത്സാ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha
























