പ്രതിപക്ഷനേതാവ് പിണറായി വിജയൻ പതിനാറാം കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിലായിരുന്നു പിണറായി വിജയന്റെ സത്യപ്രതിജ്ഞ ; സ്പീക്കറുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു സ്വീകരിച്ച് ജി സുധാകരൻ; ഇരുവരും പരസ്പരം ചിരിച്ച് ഹസ്തദാനം നൽകി

കേരള രാഷ്ട്രീയത്തിലെ ഏറ്റവും ആകർഷകമായ ദൃശ്യങ്ങളിലൊന്ന് സത്യപ്രതിജ്ഞ വേളയിൽ അരങ്ങേറി. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ പതിനാറാം കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവമാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത് . പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിലാണ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തത്.
നിറഞ്ഞ ചിരിയോടെ കൈ കൊടുത്താണ് പിണറായി വിജയൻ അഭിവാദ്യം ചെയ്തത്. ഡയസിലേക്ക് പിണറായി വിജയൻ കടന്നു വരാനൊരുങ്ങുമ്പോൾ തന്നെ ജി സുധാകരൻ സ്പീക്കറുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. ഇരുവരും പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്തു. തോളിൽ തട്ടി അഭിവാദ്യം ചെയ്തു . 19240 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ ധർമടത്ത് നിന്ന് വിജയിച്ചത്. രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്ന് ജി സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജി സുധാകരന്റെ കൂറുമാറ്റത്തെ പിണറായിയും എംവി ഗോവിന്ദനുമടക്കം വിമർശിച്ചതാണ് .
രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.
https://www.facebook.com/Malayalivartha
























