സ്പീക്കറെ പ്രശംസിച്ച് മൂടി സതീശനും പിണറായിയും

നിയമസഭാ സ്പീക്കറായി ചുമതലയേറ്റ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രശംസകൊണ്ട് മൂടി ഭരണപ്രതിപക്ഷ നേതാക്കള്‍. തിരുവഞ്ചൂര്‍ തനിക്ക് പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞപ്പോള്‍, സുദീര്‍ഘമായ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. 'ഒരു നിയമസഭാ സാമാജികന്‍ എങ്ങനെയാകണം എന്നതിന് ഉത്തമ മാതൃകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് അദ്ദേഹം തിളങ്ങിനിന്ന നേതാവായിരുന്നു.
ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചത് ഇന്നും ഓര്‍ക്കുന്നു,' മുഖ്യമന്ത്രി പറഞ്ഞു. സഭയിലെ എല്ലാ വകുപ്പുകളെക്കുറിച്ചും കൃത്യമായ ധാരണയുള്ള തിരുവഞ്ചൂരിന്റെ പരിചയസമ്പത്ത് സഭാനടപടികള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവഞ്ചൂരിന്റെ വൈവിധ്യമാര്‍ന്ന അനുഭവ പശ്ചാത്തലത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രശംസിച്ചു. 'ബാറ്റിംഗ് സൈഡ് നിശ്ചയിച്ച അമ്പയറെപ്പോലെ സ്പീക്കര്‍ പ്രവര്‍ത്തിക്കരുത്. സഭയെ നിഷ്പക്ഷമായി നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ,' എന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
https://www.facebook.com/Malayalivartha






















