കെറെയില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് പി രാജീവ്

കെറെയില്‍ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ല, മറിച്ച് കോടതിയാണെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി രാജീവ്. സര്‍ക്കാരിന് കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിക്കാമെങ്കിലും, അത് അനുവദിക്കുന്നത് കോടതിയുടെ വിവേചനാധികാരമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശബരിമല കേസിലും ഇതേ നടപടിക്രമമാണ് പാലിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍ മാര്‍ഗങ്ങളുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.
മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടിയില്‍ പി രാജീവ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മുന്‍പ് 14 തവണ പൊലീസ് സന്ദര്‍ശിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സ്ഥലത്താണ് ഇപ്പോള്‍ മുന്നറിയിപ്പില്ലാതെ പ്രകോപനപരമായ നടപടികള്‍ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ചുകൊണ്ടുള്ള പൊലീസ് നീക്കം ദുരൂഹമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ വിഷയം പരിഹരിക്കാന്‍ ഇടപെടലുകള്‍ നടത്തിയിരുന്നുവെന്നും, സ്ഥലവാസികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി മുന്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















