എബോള ഭീഷണി.. വിമാനത്താവളങ്ങളിലും അതിർത്തിയിലും നിരീക്ഷണം ശക്തമാക്കി ഗൾഫ്

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വീണ്ടും പടരുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ യുഎഇയിലുള്ള പ്രവാസികൾ ഇതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സാഹചര്യങ്ങളെയും നേരിടാൻ യുഎഇ സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു . അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി യുഎഇയുടെ ആരോഗ്യ നിരീക്ഷണ നടപടികളും മെഡിക്കൽ തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നുണ്ടെന്ന് എൻസിഎംഎയും ആരോഗ്യ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ആഫ്രിക്കയിൽ 15,000 ത്തിലധികം പേരുടെ ജീവനെടുത്ത മാരകമായ രോഗമാണിത്. കൂടാതെ ഗൾഫ് രാജ്യമായ ബഹ്‌റൈനും ജോർദാനും ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് വരുന്ന വിദേശികൾക്ക് ബഹ്‌റൈൻ 30 ദിവസത്തെ യാത്രാവിലക്കാണ് പ്രഖ്യാപിച്ചത്. കോംഗോ, ഉഗാണ്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം ജോർദാനും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ചില ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ കുവൈത്തിലെ എല്ലാ വിമാനത്താവളങ്ങളിലും അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആഗോള ആരോഗ്യ ഭീഷണികളെ നേരിടുന്നതിനുള്ള നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
വിമാനത്താവളങ്ങൾ ഉൾപ്പെടെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലും യാത്രക്കാരുടെ ആരോഗ്യ പരിശോധന, താപനില സ്കാനിംഗ് സംവിധാനം, മെഡിക്കൽ പരിശോധന എന്നിവ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഉഗാണ്ട, ദക്ഷിണ സുഡാൻ, കോൺഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അയൽരാജ്യമായ ഉഗാണ്ട എന്നീ രാജ്യങ്ങളിലാണ് എബോള വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇതുവരെ മരണസംഖ്യ 160 ആയി. ഇവരുടെ മരണകാരണം എബോള വൈറസ് ആണെന്നാണ് സംശയിക്കുന്നത്. സംശയിക്കുന്ന കേസുകളുടെ എണ്ണം 670 ആയി. ഇതുവരെ 61 കേസുകളാണ് സ്ഥിരീകരിച്ചത്. ഉഗാണ്ടയിൽ രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്
എബോള വൈറസ് (Ebola virus) വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.
വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
റിപ്പോർട്ട് ചെയ്തിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ബുണ്ടിബുഗ്യോ എബോള വൈറസ് (BDBV) വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തുടർന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ശരീര ദ്രവങ്ങളിലൂടെ രോഗം പകരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രോഗബാധയ്ക്ക് ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉൾപ്പെടെയുള്ള ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്നും യോഗത്തിൽ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണ വിധേയരാക്കും.
എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി സർക്കാർ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ നിലവിലുള്ളത്. ത്രി-ലെയർ മാസ്ക് ഉപയോഗം, സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകൽ ഉൾപ്പെടെയുള്ള വ്യക്തിഗത സുരക്ഷാ നടപടികൾ കർശനമായി പാലിക്കാനും യോഗം നിർദേശിച്ചു.
https://www.facebook.com/Malayalivartha






















