യാത്രക്കാരില്ലാതെ റൂട്ടിലോടുന്ന സ്‌പെഷ്യല്‍ സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തി

യാത്രക്കാരുടെ കുറവ് മൂലം കെഎസ്ആര്‍ടിസിയുടെ ഹൊസൂര്‍ വഴിയുള്ള ബംഗളൂരു-കണ്ണൂര്‍ വീക്കെന്‍ഡ് സ്‌പെഷ്യല്‍ ഡീലക്‌സ് സര്‍വീസ് നിര്‍ത്തലാക്കി. മലയാളി കൂട്ടായ്മകളുടെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഹൊസൂരില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. തുടക്കത്തില്‍ ഹൊസൂരില്‍ നിന്ന് സര്‍വീസ് നടത്തിയ ബസില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ ഇത് പിന്നീട് ബംഗളൂരുവിലേക്ക് നീട്ടിയെങ്കിലും വരുമാനത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. സേലം, കോയമ്പത്തൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വടകര, തലശ്ശേരി വഴിയായിരുന്നു ഈ ബസ് സര്‍വീസ് നടത്തിയിരുന്നത്. അതേസമയം, ബംഗളൂരുവില്‍ നിന്നുള്ള മറ്റ് ചില പ്രധാന സര്‍വീസുകളുടെ സമയത്തിലും റൂട്ടിലും കെഎസ്ആര്‍ടിസി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ബംഗളൂരുവില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെട്ടിരുന്ന കോഴിക്കോട് വഴിയുള്ള തൃശൂര്‍ ഗരുഡ എസി ബസിന്റെ റൂട്ടും സമയവും പരിഷ്‌കരിച്ചു. ഇനി മുതല്‍ ഈ ബസ് സേലം, കോയമ്പത്തൂര്‍ വഴിയായിരിക്കും സര്‍വീസ് നടത്തുക. ബംഗളൂരു തൃശൂര്‍: രാത്രി 7.45ന് പീനിയ ബസവേശ്വര ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (8.45), ശാന്തിനഗര്‍ (8.59), പാലക്കാട് (പുലര്‍ച്ചെ 4.14) വഴി രാവിലെ 5.44ന് തൃശൂരിലെത്തും. തൃശൂര്‍ ബംഗളൂരു: രാത്രി 7.00ന് തൃശൂരില്‍ നിന്ന് പുറപ്പെട്ട് സേലം വഴി പുലര്‍ച്ചെ 4.05ന് ബംഗളൂരുവില്‍ തിരിച്ചെത്തും.
ബംഗളൂരു കോഴിക്കോട് റൂട്ടിലെ ചില സര്‍വീസുകളിലെ ബസുകള്‍ കെഎസ്ആര്‍ടിസി മാറ്റിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഒരു സ്‌പെഷ്യല്‍ സര്‍വീസും അധികമായി ആരംഭിച്ചു. രാവിലെ 10ന് ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയിരുന്ന നോണ്‍ എസി ഡീലക്‌സ് ബസിന് പകരം ഇനി മുതല്‍ എസി പ്രീമിയം സീറ്റര്‍ ബസ് സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 12നുള്ള എസി സീറ്റര്‍ ബസിന് പകരമായി ഇനി നോണ്‍ എസി ഡീലക്‌സ് ബസ് ആയിരിക്കും സര്‍വീസ് നടത്തുക. കോഴിക്കോട്ടേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കാന്‍ രാവിലെ 9.00ന് ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയൊരു ഡീലക്‌സ് സ്‌പെഷ്യല്‍ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















