കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം: തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികരിച്ച് വിജയ്

കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിജയ്. സംഭവത്തെ മനുഷ്യത്വരഹിതവും മാപ്പര്‍ഹിക്കാത്തതും എന്ന് വിശേഷിപ്പിച്ച വിജയ് ഇത്തരം കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ഏറ്റുവാങ്ങില്ലെന്ന് കുടുംബം നിലപാടെടുത്തതിന് പിന്നാലെയാണ് പ്രതികരണം.
'കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം അതീവ ദുഃഖവും ഞെട്ടലുണ്ടാക്കുന്നതുമാണ്. ഇത്തരം മനുഷ്യത്വരഹിതവും ദാക്ഷിണ്യമില്ലാത്തതുമായ കുറ്റകൃത്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഒട്ടും അനുവദിക്കാനാകില്ല' അദ്ദേഹം എക്‌സില്‍ കുറിച്ചു. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും വിജയ് അറിയിച്ചു. സംഭവത്തില്‍ വേഗത്തില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതിaകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് കോയമ്പത്തൂരിലെ സുലൂര്‍ കണ്ണമ്പാളയം തടാകത്തിന് സമീപം പത്തുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു.തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തിക്, മോഹന്‍ രാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിനടുത്തുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയ കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















