പാളയം മാര്‍ക്കറ്റിലെ കയ്യേറ്റ കെട്ടിടം പൊളിക്കല്‍ ആരംഭിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ കയ്യേറ്റ കെട്ടിടങ്ങള്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പൊളിച്ച് തുടങ്ങി. മേയറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ് പറഞ്ഞു. അനധികൃത പണപ്പിരിവ് നിര്‍ത്തലാക്കാനും നടപടി ഉണ്ടാകും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പാളയം മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
പക്ഷേ ഭൂരിഭാഗം കച്ചവടക്കാരും നിര്‍മിച്ച് നല്‍കിയ പുതിയ കെട്ടിടങ്ങളിലേക്ക് മാറാന്‍ തയ്യാറായിട്ടില്ല. പുതിയ കെട്ടിടങ്ങള്‍ കച്ചവട സൗഹൃദമല്ല എന്നാണ് ആക്ഷേപം അതിനിടയിലാണ് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികളും പെരുകുന്നത്. രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് നിയമ വിരുദ്ധ നിര്‍മ്മാണങ്ങള്‍ പൊളിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും നടപടികള്‍ തുടരുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ് പറയുന്നു.
അനധികൃതമായ പണപ്പിരിവ് തടയാനും കോര്‍പ്പറേഷന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. അതേസമയം, കെട്ടിടം പൊളിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയില്ലെന്ന പരാതി ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇനിയും അനധിക നിര്‍മ്മാണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം പൊളിച്ചു മാറ്റാന്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ കോര്‍പ്പറേഷന്‍ തന്നെ പൊളിച്ചു നീക്കുമെന്നുമാണ് നഗരസഭയുടെ ഭാഗത്തുനിന്നുള്ള അറിയിപ്പ്. മുന്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ പണിത കെട്ടിടങ്ങള്‍ അശാസ്ത്രീയമാണെന്ന വിമര്‍ശനം ബി ജെ പി യുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























