സ്‌കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ..സംസ്ഥാനത്ത് നാളെ കാലവർഷം എത്തിയേക്കും.. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെ ഉയരത്തിൽ രണ്ട് ചക്രവാതച്ചുഴികൾ..

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് നാളെ കാലവർഷം എത്തിയേക്കും. തെക്കു-പടിഞ്ഞാറൻ കാലവർഷം നിലവിൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, കന്യാകുമാരി പ്രദേശം, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലും സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെ ഉയരത്തിൽ രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്.
ഇവയുടെയെല്ലാം സംയുക്ത സ്വാധീനഫലമായാണ് നിലവിൽ ശക്തമായ മഴ ലഭിക്കുന്നത്. ഇന്നും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒമ്പത് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. 27 വരെ ജില്ലയിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ട്.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ,
മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാദ്ധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.ദുരന്തസാദ്ധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്.
https://www.facebook.com/Malayalivartha






















