ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍

വാണിയമ്പാറയില്‍ ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍. രാവിലെ 6.30ന് വാണിയമ്പാറ ചെക്ക്‌പോസ്റ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചേരി സ്വദേശി സന്ദീപ് (42), വെട്ടിക്കല്‍ സ്വദേശി ഫെയ്ത്ത് (21) എന്നിവര്‍ പിടിയിലായത്. 'ശാരോന്‍' എന്ന ആംബുലന്‍സിലാണ് എട്ടര ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്ന് കടത്തിയത്. ബീക്കണ്‍ ലൈറ്റ് തെളിച്ച് അതിവേഗത്തിലാണ് ആംബുലന്‍സ് വന്നത്. രോഗികളാരും ആംബുലന്‍സില്‍ ഉണ്ടായിരുന്നില്ല.
ബംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന ലഹരിമരുന്ന്, പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് തൃശൂര്‍ ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്) സംഘം പിടികൂടുകയായിരുന്നു. ആംബുലന്‍സ് തടഞ്ഞുനിറുത്തി പരിശോധിക്കുകയായിരുന്നു. ഡ്രൈവര്‍ സന്ദീപിന്റെ പോക്കറ്റില്‍ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ രേഖകളും പരിശോധിക്കുമെന്നും ലഹരിക്കടത്തിന് പിന്നില്‍ വലിയ കണ്ണികളുണ്ടെന്ന് സംശയിക്കുന്നതായും സിറ്റി പൊലീസ് അറിയിച്ചു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി നകുല്‍ ആര്‍. ദേശ്മുഖിന്റെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ എ.സി.പി പി.ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ എസ്.ഐമാരായ ബിബിന്‍ പി.നായര്‍, രാഗേഷ്, സി.പി.ഒമാരായ ഷിഹാബ്, ആശിഷ്, ശരത്ത്, നിബു എന്നിവരുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























