ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...

കൊല്ലം നെടുമ്പനയിൽ ജാമ്യരേഖയായി നൽകാൻ കരം ഒടുക്കിയ രസീത് ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യത്തിൽ ഭാര്യയെ പെൺമക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി. കളയ്ക്കൽ ശരണ്യ ഭവനിൽ സതീശൻ (55) ആണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ രമ (47) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കണ്ണനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നിൽക്കാനും കരമടച്ച രസീത് നൽകാനും എറണാകുളത്ത് ജോലിക്ക് പോയിരുന്ന ഭാര്യയെ സതീശൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
എന്നാൽ രമ ഇതിന് തയ്യാറാകാതിരുന്നതോടെ പ്രകോപിതനായ പ്രതി, വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് രമയുടെ വയറ്റിൽ കുത്തുകയായിരുന്നു. രക്തം വാർന്നു വീണ രമയെ ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെ വീടിന് സമീപത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























