ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ്... കേരളത്തിന്റെ കെ എ അനാമികയ്‌ക്ക് ഹെപ്‌റ്റാത്തലണിൽ സ്വർണം

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സിൽ കേരളത്തിന്റെ കെ എ അനാമിക ഹെപ്‌റ്റാത്തലണിൽ സ്വർണം കരസ്ഥമാക്കി. ഏഴിനങ്ങളിലായി 5685 പോയിന്റാണ് സമ്പാദ്യം.
അവസാന ഇനമായ 800 മീറ്ററിൽ മികച്ച പ്രകടനത്തോടെ ഒന്നാമതെത്തിയത് നേട്ടമായി. ജെഎസ്‌ഡബ്ല്യുവിന്റെ പൂജ 5632 പോയിന്റുമായി രണ്ടാമതെത്തി.
അവസാനദിനം പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ എയർഫോഴ്‌സിനായി മത്സരിച്ച മലയാളി താരം അബ്‌ദുള്ള അബൂബക്കർ രണ്ടാമതായി. 16.63 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസ് യോഗ്യതാ മാർക്ക് മറികടക്കാൻ കഴിഞ്ഞില്ല. അവസാന രണ്ട് ശ്രമങ്ങളും ഫൗളിൽ കലാശിക്കുകയായിരുന്നു.
ജെഎസ്‌ഡബ്ല്യുവിനായി ഇറങ്ങിയ തമിഴ്‌നാട്ടുകാരൻ പ്രവീൺ ചിത്രവേൽ 17.08 മീറ്റർ ചാടി സ്വർണവും കോമൺവെൽത്ത് ഗെയിംസ് യോഗ്യതയും സ്വന്തമാക്കി. 16.89 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്. പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ കേരളത്തിനായി പി കെ ജിഷ്‌ണുപ്രസാദ് 20.98 സെക്കൻഡിൽ വെള്ളി നേടി. ഒഡിഷക്കാരൻ അനിമേഷ് കുജൂറിനാണ് (20.64) സ്വർണം.
https://www.facebook.com/Malayalivartha


























