വലിയൊരു ദുരന്തത്തിന്റെ നിഴലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട്.. തിരിച്ചെത്തുന്ന നാടിന്റെ മകനെ വരവേല്‍ക്കാന്‍ കോടമ്പുഴ ഒന്നടങ്കം ഒരുങ്ങി..

ആഗോള മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനകളും കാത്തിരിപ്പും ഒടുവില്‍ സഫലമായി. സൗദി അറേബ്യയില്‍ രണ്ട് പതിറ്റാണ്ടുകാലം നീണ്ട ജയില്‍വാസത്തിന് ശേഷം കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം മോചിതനായി ജന്മനാട്ടില്‍ തിരിച്ചെത്തി. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ 7.35-ഓടെയാണ് അദ്ദേഹം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.വര്‍ഷങ്ങള്‍ നീണ്ട വിരഹത്തിന് വിരാമമിട്ട് ജന്മനാടിന്റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ റഹീം വികാരാധീനനായി.
തന്റെ മോചനത്തിനായി പ്രാര്‍ഥിക്കുകയും സാമ്പത്തികമായും അല്ലാതെയും സഹായിക്കുകയും ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ നല്ലവരായ മനുഷ്യര്‍ക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. വിമാനത്താവളത്തിലെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ റഹീം, വൈകാതെ തന്നെ ഫറോക്ക് കോടമ്പുഴയിലെ സ്വന്തം വീട്ടിലേക്ക്.റിയാദിലെ ജയില്‍ അധികൃതര്‍ തന്നെയാണ് റഹീമിനെ നേരിട്ട് എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഈ മടക്കയാത്ര.
റഹീമിന്റെ നിയമപോരാട്ടങ്ങളില്‍ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും ഈ യാത്രയില്‍ റഹീമിനെ അനുഗമിച്ചിരുന്നു.റഹീമിന്റെ തിരിച്ചുവരവ് ഏറ്റവും കൂടുതല്‍ കാത്തിരുന്നത് കോടമ്പുഴയിലെ അദ്ദേഹത്തിന്റെ വയസ്സായ ഉമ്മ ഫാത്തിമയാണ്. കണ്‍മുന്നില്‍നിന്ന് മറഞ്ഞുപോയ മകനെ മരിക്കുന്നതിന് മുന്‍പ് ഒന്നു നേരില്‍ കാണണമെന്ന ഒരൊറ്റ പ്രാര്‍ഥന മാത്രമാണ് കഴിഞ്ഞ 20 വര്‍ഷമായി ആ ഉമ്മയ്ക്കുണ്ടായിരുന്നത്. റഹീം വിമാനമിറങ്ങിയ വാര്‍ത്തയറിഞ്ഞതോടെ കോടമ്പുഴയിലെ വീട്ടില്‍ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ വലിയൊരു ജനസഞ്ചയമാണ് ഇപ്പോള്‍ തടിച്ചുകൂടിയിരിക്കുന്നത്.
വലിയൊരു ദുരന്തത്തിന്റെ നിഴലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് തിരിച്ചെത്തുന്ന നാടിന്റെ മകനെ വരവേല്‍ക്കാന്‍ കോടമ്പുഴ ഒന്നടങ്കം ഒരുങ്ങിനില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha


























