പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്

പാലിനുവേണ്ടി കരഞ്ഞ ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്. മുംബൈയിലെ പൊവായിയിലാണ് ദാരുണ സംഭവമുണ്ടായത്. യഷ് എന്ന നാലുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. യഷിന്റെ പിതാവ് രാജേഷ് പ്രകാശ് സിങ്ങിനെ (27) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ യഷ് പാല്‍ ആവശ്യപ്പെട്ടു കരഞ്ഞതുകേട്ട് ഉറക്കമുണര്‍ന്ന രാജേഷ് കുട്ടിയുടെ തല പലതവണ തറയിലിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഗൗതം നഗറിലാണ് രാജേഷ് താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരനായിരുന്ന യഷ് പ്രധാനമായും പാല്‍ മാത്രമാണ് കഴിച്ചിരുന്നത്. തൊഴില്‍രഹിതനായിരുന്ന രാജേഷിന്റെ അമിത മദ്യപാനത്തെ തുടര്‍ന്ന് 15 ദിവസം മുന്‍പ് ഇയാളുടെ ഭാര്യ ഇയാളെയും മക്കളെയും ഉപേക്ഷിച്ചു പോയതായി പൊലീസ് പറഞ്ഞു. രാജേഷ് കുടുംബത്തെ നോക്കിയിരുന്നുമില്ല. ഇവരുടെ 5 വയസ്സായ മറ്റൊരു മകന്‍ രാജേഷിന്റെ സഹോദരിക്കൊപ്പമാണ് കഴിയുന്നത്.
മകന്‍ മരിച്ച വിവരം രാവിലെ രാജേഷ് തന്നെ സഹോദരിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ രാജേഷ് പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















