ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...

തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍. തിരുച്ചെന്തൂര്‍ മുരുഗന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനാണ് ദേവസ്വം മന്ത്രി എസ്. രമേശില്‍ നിന്ന് പൂജാരി അയ്യപ്പന്‍ അയ്യര്‍ കൈക്കൂലി ചോദിച്ചത്. മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
പൂജാരിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവിലാണ് ക്ഷേത്രം ജോയിന്റ് കമ്മീഷണര്‍ പൂജാരിയെ കര്‍മ്മങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ട് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.തമിഴ്നാട് ദേവസ്വം മന്ത്രിയായ മുപ്പത്തിയൊന്നുകാരന്‍ എസ്. രമേശ് മാസ്‌ക് ധരിച്ചാണ് സാധാരണക്കാരനായി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ദര്‍ശനം വേഗത്തിലാക്കി നല്‍കാമെന്ന് പറഞ്ഞ് പൂജാരി അയ്യപ്പന്‍ അയ്യര്‍ മന്ത്രിയോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈവശം പണമില്ലെന്ന് മന്ത്രി പറഞ്ഞപ്പോള്‍ തുക ഗൂഗിള്‍ പേ വഴി അയച്ചുതരാന്‍ പൂജാരി ആവശ്യപ്പെട്ടു.
മാസ്‌ക് ധരിച്ചിരുന്നതിനാല്‍ തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് സംസ്ഥാനത്തെ ദേവസ്വം മന്ത്രിയാണെന്ന് പൂജാരിയോ അവിടെയുണ്ടായിരുന്ന മറ്റുള്ളവരോ തിരിച്ചറിഞ്ഞിരുന്നില്ല.ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിലെ അന്നദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും മറ്റും മന്ത്രിയെ തിരിച്ചറിഞ്ഞത്. ഇതോടെ തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ പുരോഹിതര്‍ കൂട്ടത്തോടെ എത്തി മന്ത്രിക്ക് മാപ്പ് എഴുതി നല്‍കുകയായിരുന്നു.
ക്ഷേത്രങ്ങളില്‍ ഒരു തരത്തിലുള്ള കൈക്കൂലിയും അഴിമതിയും അനുവദിക്കില്ലെന്ന് മന്ത്രി പൂജാരിമാര്‍ക്ക് കര്‍ശന താക്കീതും നല്‍കി.എന്നാല്‍, അഴിമതി നടത്തിയ പൂജാരിക്ക് മന്ത്രി മാപ്പ് നല്‍കി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറി.
https://www.facebook.com/Malayalivartha























