സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം

ചെളിയും പ്രളയജലവും നിറഞ്ഞ ഇടുങ്ങിയ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിട അഞ്ചുപേര്‍ തള്ളിനീക്കിയത് 10 ദിവസം. തെക്കുകിഴക്കനേഷ്യന്‍ രാജ്യമായ ലാവോസിലെ സെന്‍ട്രല്‍ സൈസോംബൂണ്‍ പ്രവിശ്യയിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഏഴ് ഗ്രാമീണരില്‍ 5 പേരെ രക്ഷാപ്രവര്‍ത്തകര്‍ ശനിയാഴ്ച ജീവനോടെ പുറത്തെത്തിച്ചു. കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
സ്വര്‍ണവും അപൂര്‍വധാതുക്കളും തേടി മേയ് 19,20 ദിവസങ്ങളിലായാണ് 8 ഗ്രാമീണര്‍ ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചത്. എന്നാല്‍ ഇവര്‍ ഗുഹയില്‍ പ്രവേശിച്ചതിനു പിന്നാലെ കനത്ത മഴ തുടങ്ങി. തുടര്‍ന്ന് ഗുഹയ്ക്കുള്ളില്‍ വെള്ളവും ചെളിയും മണലും അഴുക്കും നിറയുകയും ഗുഹയില്‍നിന്ന് പുറത്തേക്ക് കടക്കാനുള്ള മാര്‍ഗം അടയുകയും ചെയ്തതോടെ ഏഴുപേര്‍ ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു. പ്രളയത്തിന്റെ തുടക്കത്തില്‍ത്തന്നെ ഗുഹയില്‍നിന്ന് രക്ഷപ്പെട്ട എട്ടാമനാണ് മറ്റുള്ളവര്‍ കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതരെ അറിയിച്ചത്.
ലാവോസ് തലസ്ഥാനമായ വീയെന്റിയാനില്‍നിന്ന് 120 കിലോമീറ്റര്‍ വടക്ക് ദുര്‍ഘടമായ പ്രദേശത്തുള്ള ഗുഹയിലാണ് ഗ്രാമീണര്‍ കുടുങ്ങിയത്. ഇവിടെ എത്തിപ്പെടുന്നത് സാഹസികവും രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നെന്നും തായ്‌ലാന്‍ഡ്, ഓസ്‌ട്രേലിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഇന്തൊനീഷ്യ, മലേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. 4 കിലോമീറ്ററോളം കുത്തനെയുള്ള തെന്നുന്ന മലമ്പ്രദേശങ്ങളിലൂടെ യാത്ര ചെയ്താണ് രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്ക് സമീപമെത്തിയത്. കനത്ത മഴയും തടസം സൃഷ്ടിച്ചു. ഇടുങ്ങിയ ഗുഹയില്‍ കഷ്ടിച്ച് ഒരാള്‍ക്കു മാത്രമേ ഒരു സമയം കടക്കാനായിരുന്നുള്ളൂ.
ചെളിയും പ്രളയജലവും നിറഞ്ഞ ഗുഹയില്‍ സ്വന്തം കൈ പോലും കാണാനായില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഭൂമിക്കടിയില്‍ നൂറുമീറ്ററോളം താഴ്ചയിലാണ് ഗുഹയുള്ളത്. ഗുഹയിലെ ചില ഭാഗങ്ങള്‍ക്ക് വെറും 50 സെന്റീമീറ്റര്‍ മാത്രമേ വീതിയുള്ളൂവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ദിവസങ്ങള്‍ നീണ്ട തിരച്ചലിനുശേഷം ബുധനാഴ്ച ഗുഹയുടെ പ്രവേശനകവാടത്തില്‍നിന്ന് 300 മീറ്റര്‍ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഗ്രാമീണരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൂന്നുദിവസത്തോളം നീണ്ട സാഹസിക രക്ഷാദൗത്യത്തിനൊടുവില്‍ വെള്ളിയാഴ്ച ആദ്യത്തെയാളെയും ശനിയാഴ്ച 4 പേരെയും പുറത്തെത്തിച്ചു.
https://www.facebook.com/Malayalivartha






















