കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി...

കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി. സ്ഥലമുടമ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വിഷപ്പാമ്പുകളുടെ താവളമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണം. ഇതിന് ഉണ്ടാകുന്ന ചെലവ് പിന്നീട് ഉടമയെ കണ്ടെത്തുമ്പോൾ ഈടാക്കാവുന്നതാണെന്നും വ്യക്തമാക്കി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ.
ഇത്തരം സാഹചര്യങ്ങളിൽ സ്ഥലമുടമ ആരാണെന്ന് കണ്ടെത്തിയില്ലെന്ന് പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈയും കെട്ടി നിൽക്കാനാവില്ലെന്നും കോടതി .
അയൽപക്കത്തെ കാടുപിടിച്ച പറമ്പിൽ നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വർഗീസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. 10 ദിവസത്തിനുള്ളിൽ കാടു വെട്ടിത്തെളിക്കാൻ തെക്കേക്കര ഗ്രാമപഞ്ചായത്തിന് കോടതി നിർദേശം നൽകി.
അപകടകരമായ സാഹചര്യമാണെങ്കിൽ ഉടമയ്ക്ക് നോട്ടീസ് നൽകി കാത്തിരിക്കേണ്ടതില്ല. കേരള പഞ്ചായത്ത് രാജ് ആക്ട് 238,239 വകുപ്പുകൾ പ്രകാരം ഇത്തരം ശല്യങ്ങൾ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനത്തിന് അധികാരമുണ്ട്. ഉടമയെ അറിയില്ലെങ്കിൽ പോലും പഞ്ചായത്ത് സ്വന്തം നിലയ്ക്ക് കാട് വെട്ടിത്തെളിക്കണം.
പ്രായമായ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന തന്റെ വീടിനോട് ചേർന്ന് കാടുപിടിച്ച് കിടക്കുന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ വില്ലേജ് ഓഫീസിൽ നിന്ന് വിവരങ്ങൾ തേടിയിട്ടും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നും നോട്ടീസ് നൽകാൻ കഴിയില്ലെന്നുമായിരുന്നു തെക്കേക്കര ഗ്രാമപ്പഞ്ചായത്തിന്റെ നിലപാട്. ഈ വാദം കോടതി തള്ളുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























