നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഫെബ്രുവരിയില്‍ ജനിച്ച ഒരു കുഞ്ഞിനെ വില്‍പ്പന നടത്തിയെന്ന് തീക്കോയില്‍ പിടിയിലായ പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ ഈരാറ്റുപേട്ട കോടതി പരിഗണിക്കും. നവജാത ശിശുക്കളെ വില്‍ക്കുന്ന റാക്കറ്റിന് കണ്ണികളേറെ എന്നാണ് പൊലീസ് നിഗമനം.
കുട്ടിയെ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ, അസം സ്വദേശിയായ ഗര്‍ഭിണിയെ തടവില്‍ പാര്‍പ്പിച്ചതിന് അറസ്റ്റിലായവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസും അന്വേഷണത്തിന് തുടക്കമിട്ടത്. കൊല്ലം അയലറ സ്വദേശിയായ യുവതി ഫെബ്രുവരിയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പ്രസവിച്ചെന്നും ഈ കുഞ്ഞിനെ വിറ്റുവെന്നും മാത്രമാണ് പ്രതികളിലൊരാളായ രാജയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ആര്‍ക്കാണ് കുഞ്ഞിനെ കൈമാറിയതെന്നോ, കൊല്ലം സ്വദേശിയുടെ വിവരങ്ങളോ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലീസ് ആശുപത്രി അധികൃതരില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍, അഡ്മിഷന്‍ രേഖകള്‍ എന്നിവയുള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്. കൊല്ലം സ്വദേശിയായ യുവതിയുടെ വിലാസത്തിന്റെ ആധികാരികതയുള്‍പ്പെടെ അന്വേഷിക്കാനുമുണ്ട്. നിലവില്‍ നാലു പേര്‍ക്കെതിരെ ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം തൊടുപുഴ പൊലീസ് കേസ്സെടുത്തു. കോട്ടയത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും തൊടുപുഴ പൊലീസ് രാജയ്ക്കായി കസ്റ്റഡി അപേക്ഷ നല്‍കുക. പ്രതികള്‍ കുറച്ചുകാലം വാഗമണ്‍ പുളളിക്കാനം പ്രദേശത്ത് താമസിച്ചിരുന്നു. ഇടുക്കി വഴി തമിഴ്‌നാട്ടിലേക്കും ഇവരുടെ കണ്ണികള്‍ വ്യാപിച്ചിട്ടുണ്ടോയെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















