ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്. മണ്ഡലകാലത്തിന് മുമ്പ് ലാബ് സജ്ജമാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്പവും അരവണയും തയ്യാറാക്കുന്നതിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കാനായി തീരുമാനിച്ചിരുന്നു. പതിനായിരക്കണക്കിന് ഭക്തരാണ് നെയ്യ് തോണിയിൽ നെയ്യ് നിക്ഷേപിക്കുന്നത്. ആറ് സംഭരണികളിലായാണ് എത്തുന്നത്.
ഓരോതവണ നിറയുമ്പോഴും സാമ്പിളുകൾ എടുത്ത് പരിശോധിക്കണം. സന്നിധാനത്തെയും പമ്പയിലെയും ആശുപത്രികളിൽ ആരോഗ്യ,ഭക്ഷ്യസുരക്ഷാവകുപ്പ്, ഫോറൻസിക് മെഡിസിൻ എന്നിവയുടെ സംയുക്തമായ ലാബ് സജ്ജമാക്കണം.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, മലിനീകരണം കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെയും, വിഷാംശം കണ്ടെത്തുന്നതിന് ഫോറൻസിക് മെഡിസിൻ വിഭാഗത്തിന്റെയും പരിശോധന സഹായിക്കും. ഓരോ സംഭരണികളിലേയും മൂന്ന് സാമ്പിൾ വീതമെടുത്ത് പരിശോധിക്കണം.
ഓരോ സാമ്പിൾ ശബരിമലയിൽ പരിശോധിക്കും. മറ്റൊന്ന് പരിശോധനാ വിഭാഗങ്ങളുടെ സെൻട്രൽ ലാബിലേക്ക് അയക്കും. ഒരെണ്ണം തുടർ നടപടികൾക്കായി ഫ്രീസറിൽ സൂക്ഷിക്കും. ലാബിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുളള തുക വകയിരുത്താനായി ദേവസ്വം ബോർഡ് അടിയന്തര നടപടി എടുക്കണമെന്നും ഭക്തരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഉത്തരവാദിത്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























